ചെന്നൈ: ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തനായ സെലിബ്രിറ്റി ഷെഫ് ദാമോദരൻ കോതണ്ഡരാമൻ (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഷെഫ് ദാമു എന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തിന് 2025ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു.
ഒരുദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച പാചകവിദഗ്ധൻ കൂടിയാണ് ഇദ്ദേഹം. 2010ൽ 24 മണിക്കൂർ 30 മിനിറ്റ് 12 സെക്കൻഡിനുള്ളിലാണ് 617 വിഭവങ്ങൾ അദ്ദേഹം തയ്യാറാക്കിയത്. വിജയ് ടിവിയിലെ 'കുക്ക് വിത്ത് കോമാളി'യിലെ വിധികർത്താവായിരുന്നു.
1954 സെപ്തംബർ മൂന്നിനായിരുന്നു ദാമോദരൻ ജനിച്ചത്. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്, കാറ്ററിംഗ് ടെക്നോളജി ആൻഡ് അപ്ലൈഡ് ന്യൂട്രീഷനിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ ഡിപ്ലോമ പൂർത്തിയാക്കിയ ഇദ്ദേഹം 1977ൽ തമിഴ്നാട് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ തന്റെ കരിയർ ആരംഭിച്ചു.ചെന്നൈ സർവകലാശാലയിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റിൽ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യൻ ഷെഫായിരുന്നു.