തേനിയിൽ കൂട്ട ജയിൽചാട്ടം; 17 പ്രതികൾ രക്ഷപ്പെട്ടു, ഒരാൾ പിടിയിൽ, കേരളത്തിലേയ്ക്ക് കടക്കാൻ സാദ്ധ്യത

ചെന്നൈ: പൊലീസുകാരനെ ആക്രമിച്ചതിനുശേഷം 17 തടവുകാർ ജയിൽ ചാടി. തമിഴ്‌നാട് തേനി ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽ നിന്നാണ് ക്രിമിനൽ കേസ് പ്രതികൾ രക്ഷപ്പെട്ടത്. ഇതിലൊരാളെ പരിശോധനക്കിടെ പിടികൂടി. പ്രതികൾ കേരളത്തിലേക്കടക്കം കടക്കാൻ സാദ്ധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് വാഹന പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. തടവുകാരിലൊരാൾക്ക് അപസ്‌മാരമുണ്ടായതായുള്ള വിവരം ലഭിച്ചതിനെത്തുടർന്നാണ് 17 കാരെ പാർപ്പിച്ചിരുന്ന തടവറയിലേയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ എത്തിയത്. ഉദ്യോഗസ്ഥൻ അകത്തേയ്ക്ക് കടന്നതും അദ്ദേഹത്തെ ആക്രമിച്ചതിനുശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളെ പിടികൂടുന്നതിനുമായി 17 പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. പാലക്കാട്, ഇടുക്കി അതിർത്തികളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.

തടവുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ തേനി ജില്ലാ ജയിലിലെ ഗ്രേഡ്-II പൊലീസ് ഉദ്യോഗസ്ഥനായ തങ്കപ്പാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയിൽ ഉദ്യോഗസ്ഥർക്കും നിസാര പരിക്കുകളുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *