തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തും. കെഎസ്ആര്‍ടിസി ബസുകളിലെ പ്രിയദര്‍ശിനി സര്‍വീസ് മൂലമുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാലക്കാട് ചേര്‍ന്ന സംയുക്ത സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ 10ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാവാത്തതിനാലാണ് സമര പ്രഖ്യാപനമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബസ് ഉടമകൾ.സെപ്റ്റംബര്‍ 2 ന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മീഷന് തന്നെ സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശങ്ങള്‍ വെച്ചിരുന്നു. ഒരു നിര്‍ദ്ദേശവും പാലിക്കാനും നടപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സമരം ഒഴിവാക്കാന്‍ ശ്രമിച്ചു, യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നതാണ് ബസ്സുടമകളുടെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ബസ്സുടമകള്‍ കുറ്റപ്പെടുത്തി
ആറോളം സംഘടനകളിലായി 6000ത്തിലധികം ബസുകളാണ് നവംബർ മൂന്നുമുതൽ സർവീസ് നിർത്തുന്നത്. മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. പ്രിയദർശിനി സർവീസ് മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് ഇതുവരെ 12 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഉടമകളുടെ കണക്ക്. 400 ബസുകൾ സർവീസ് നിർത്തിയെന്നും മൂവായിരത്തോളം ബസുകൾ സർവീസ് ഭാഗികമാക്കിയെന്നും പറയുന്നു.
കെഎസ്ആർടിസിക്ക് സമാനമായി സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാൻ തയ്യാറാണെന്നും അതിനുള്ള തുക സർക്കാർ നൽകണമെന്നുമാണ് മറ്റൊരു ആവശ്യം. അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിൽ സ്വകാര്യ ബസ് സംഘടനയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു. എന്നാൽ ആറോളം സംഘടനകളുടെ നേതൃത്വത്തിൽ 6000ത്തിലധികം ബസുകൾ സർവീസ് നിർത്തുമ്പോൾ യാത്രാക്ലേശം രൂക്ഷമാകുമെന്ന ആശങ്കയും ശക്തമാണ്.