നെടുമ്പാശ്ശേരി കാർ അപകടം: മിനി കൂപ്പർ പരിശോധിച്ച് സാങ്കേതിക വിദഗ്ധർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ വാഹനത്തിൽ സാങ്കേതിക പരിശോധന നടത്തി കമ്പനി വിദഗ്ധർ. ഡൽഹിയിൽ നിന്നെത്തിയ വിദഗ്ധരാണ് പരിശോധന നടത്തിയത്. അപകടസമയത്ത് കാർ ബ്രേക്ക് ചെയ്തിരുന്നോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. കുറ്റപത്രം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.

ഒക്ടോബർ 11ന് പുലർച്ചെ 1.45നായിരുന്നു അപകടം. മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണം നേരിടുന്ന ഒന്നാം പ്രതി സുഹൈൽ സജീവ് ഓടിച്ച കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ മരിച്ചിരുന്നു. സുഹൈൽ സജീവിനെതിരെ നരഹത്യാക്കുറ്റവും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും കണ്ടെത്തൽ. പ്രതികൾക്ക് അങ്കമാലി മജിസ്ട്രേറ്റ് കോടതിയും എറണാകുളം സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചിരുന്നു.

അപകടമുണ്ടായ വിമാനത്താവള റോഡിൽ മോട്ടോർ വാഹന വകുപ്പും വീണ്ടും പരിശോധന നടത്തി. റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *