നഷ്‌ടത്തിന്‌ ബാങ്കുകളും ഉത്തരവാദികള്‍; ഡിജിറ്റല്‍ തട്ടിപ്പില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പിനിരയാകുന്നവര്‍ക്കുണ്ടാകുന്ന നഷ്‌ടങ്ങള്‍ക്ക്‌ ബാങ്കുകള്‍ ഉത്തരവാദികളായിരിക്കുമെന്ന്‌ സുപ്രീം കോടതി. ഇരകളെ സംരക്ഷിക്കേണ്ടത്‌ ധനകാര്യ സ്‌ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്‌. 'ഡിജിറ്റല്‍ അറസ്‌റ്റ്‌' തട്ടിപ്പുകള്‍ പോലുള്ള കുറ്റകൃത്യങ്ങളില്‍ ബാങ്കുകള്‍ക്കു ജാഗ്രതക്കുറവ്‌ സംഭവിച്ചതായി കണ്ടെത്തിയാല്‍ ഇരകള്‍ക്ക്‌ നഷ്‌ടപ്പെട്ട തുകയെങ്കിലും തിരികെ നല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്‌ഥരാണെന്ന്‌ കോടതി വ്യക്‌തമാക്കി.

അക്കൗണ്ട്‌ ഉടമയുടെ പതിവ്‌ ഇടപാട്‌ രീതികളില്‍ നിന്ന്‌ വ്യത്യസ്‌തമായ അസാധാരണ ഇടപാടുകള്‍ താല്‍ക്കാലികമായി തടയുക, സംശയാസ്‌പദ നീക്കങ്ങള്‍ ഓട്ടോമാറ്റിക്കായി റിപ്പോര്‍ട്ട്‌ ചെയ്യുക, ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ നേരിട്ടുള്ള പരിശോധന നടത്തുക തുടങ്ങിയ പ്രതിരോധ നടപടികള്‍ നിര്‍ബന്ധമാക്കേണ്ടതുണ്ടെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച്‌ ആവര്‍ത്തിച്ചു.

'ഇരകളെ സംരക്ഷിക്കേണ്ടത്‌ ബാങ്കുകാരായ നിങ്ങളുടെ കടമയാണ്‌. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ എന്താണ്‌ ചെയ്യുന്നത്‌?'-വാദത്തിനിടെ ചീഫ്‌ ജസ്‌റ്റിസ്‌ ചോദിച്ചു.'വലിയ കമ്പനികളുടെ ഇടപാടുകള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍, പതിനായിരമോ ഇരുപതിനായിരമോ മാത്രം പിന്‍വലിക്കാറുള്ള ഒരാള്‍ പെട്ടെന്ന്‌ അരലക്ഷം പിന്‍വലിക്കുമ്പോള്‍, ആ ഇടപാട്‌ സംശയാസ്‌പദമായി അടയാളപ്പെടുത്തേണ്ടതല്ലേ?'- അദ്ദേഹം ചോദിച്ചു.

സ്വമേധയാ പരിഗണനയ്‌ക്കെടുത്ത പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ്‌ പരമോന്നത നീതിപീഠം സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തിയത്‌. ധനകാര്യ സ്‌ഥാപനങ്ങള്‍ക്ക്‌ ജാഗ്രത പാലിക്കുന്നതില്‍ വീഴ്‌ച സംഭവിച്ചാല്‍ ഇരകള്‍ക്ക്‌ മതിയായ നഷ്‌ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്‌ഥകള്‍ പുതിയ നിയന്ത്രണ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ബെഞ്ച്‌ നിര്‍ദേശിച്ചു.

അംഗീകൃത ധനകാര്യ സ്‌ഥാപനങ്ങളുടെ പട്ടിക അടുത്ത വാദത്തിന്‌ മുന്‍പായി സമര്‍പ്പിക്കാന്‍ റിസര്‍വ്‌ ബാങ്കിനോട്‌ കോടതി നിര്‍ദേശിച്ചു. ഓരോ ബാങ്കിനെയും പ്രത്യേകം കക്ഷികളാക്കാതെ എല്ലാ സ്‌ഥാപനങ്ങള്‍ക്കും ബാധകമാകുന്ന നിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിക്കുമെന്ന്‌ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഏതൊക്കെ ധനകാര്യ സ്‌ഥാപനങ്ങള്‍ക്കാണ്‌ ബാധകമാകുക എന്നതിനെക്കുറിച്ചും ഇരകള്‍ക്കുണ്ടായ നഷ്‌ടം നികത്താന്‍ എന്ത്‌ നടപടികളാണ്‌ ആലോചിക്കുന്നതെന്നും വ്യക്‌തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. 'ഡിജിറ്റല്‍ അറസ്‌റ്റ്‌' തട്ടിപ്പിനിരയായേക്കാവുന്ന ഉപയോക്‌താക്കളുടെ അസാധാരണ ഇടപാടുകളെക്കുറിച്ച്‌ അടുത്തുള്ള പോലീസ്‌ സ്‌റ്റേഷനുകളെ അറിയിക്കേണ്ട ഉത്തരവാദിത്വം ബാങ്കുകള്‍ക്കുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.

അതേസമയം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 'ഡിജിറ്റല്‍ അറസ്‌റ്റ്‌' തട്ടിപ്പുകളുടെ എണ്ണം പകുതിയായി കുറഞ്ഞെന്ന്‌ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി അറിയിച്ചു. സുപ്രീം കോടതിയുടെ ഇടപെടല്‍, സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും യോജിച്ചുള്ള പ്രവര്‍ത്തനം, പൊതുജനാവബോധ പരിപാടികള്‍ എന്നിവയാണ്‌ ഈ കുറവിന്‌ കാരണമായതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നിട്ടും ഈ വര്‍ഷം രാജ്യത്ത്‌ ഏകദേശം 800 കോടി രൂപയുടെ തട്ടിപ്പ്‌ നടന്നെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ വ്യക്‌തമാക്കി. ബാങ്കുകളുടെ ഉത്തരവാദിത്വം, സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ ലഭിക്കുന്ന പണം സ്വീകരിക്കാനും കൈമാറാനും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന 'മ്യൂള്‍ അക്കൗണ്ടുകള്‍' എന്നീ രണ്ട്‌ പ്രധാന മേഖലകളില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ചൂണ്ടിക്കാട്ടി.സാമ്പത്തിക സ്‌ഥാപനങ്ങള്‍ക്ക്‌ അവരുടെ 'ഡ്യൂ ഡിലിജന്‍സ്‌' ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയാല്‍, ഇരകളായവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്‌ഥകള്‍ പരിശോധിക്കുമെന്നും ഇതിനായി ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുള്ള കെ.വൈ.സി ഭേദഗതി നിര്‍ദേശങ്ങള്‍- 2026 പരിശോധിക്കുമെന്നും ബെഞ്ച്‌ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *