കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎമ്മിന്റെ വനിതാനേതാവുമായ പി.പി. ദിവ്യയ്ക്ക് എതിരേയുള്ള ആരോപണത്തില്‍ അന്വേഷണം. വിജിലന്‍സ് ഉത്തരമേഖലാ എസ്പിയ്ക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തില്‍ നിന്നും കണ്ണൂര്‍ വിജിലന്‍സിനെ ഒഴിവാക്കി. എഫ്.ഐ.ആര്‍. ഇടാതെ പ്രാഥമികാന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും കേസ് എടുക്കുക.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി കേരള സര്‍ക്കാര്‍ നേരത്തേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന കാലത്ത് ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയും ടെന്‍ഡര്‍ നടപടികളില്ലാതെയും 'കാര്‍ട്ടണ്‍ ഇന്ത്യ' എന്ന സ്വകാര്യ കമ്പനിക്ക് നിര്‍മാണക്കരാറുകള്‍ നല്‍കിയെന്നാണ് പ്രധാന ആരോപണം.
മാപ്പുകൾ കാണുക
കെ.എസ്.യു. നേതാവിന്റെ പരാതിയിലായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. കരാര്‍ നല്‍കിയ കമ്പനി ദിവ്യയുടെ ബിനാമിയുടേത് ആണെന്നും അധികാര ദുര്‍വിനിയോഗത്തിലൂടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും വിജിലന്‍സ് സംഘം പരിശോധിക്കും. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും, തുടര്‍ന്ന് ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണത്തിന് ഔദ്യോഗികമായി അനുമതി നല്‍കുകയുമായിരുന്നു.