തിരുവനന്തപുരം: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഇതിലൂടെ സ്വകാര്യ ബസ് മേഖലയിലെ നിലവിലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ബസ് സർവീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മന്ത്രി ഉറപ്പുനൽകി. വഴുതക്കാട് ട്രാൻസ് ഭവനിലായിരുന്നു യോഗം.
ബസുകളുടെ സർവീസ് കാലാവധി വർധിപ്പിക്കണമെന്ന പത്മകുമാർ കമ്മിഷൻ ശുപാർശകൾ നിയമാനുസൃതം നടപ്പാക്കും. ഒരു ബസ് ഉടമയ്ക്ക് തന്റെ സർവീസ് മറ്റൊരാൾക്ക് നിയമപരമായി കൈമാറുന്നതിനുള്ള സാങ്കേതിക തടസങ്ങൾ നീക്കാനും യോഗത്തിൽ ധാരണയായി.
സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും സർക്കാരുമായി നിരന്തര ആശയവിനിമയം നടത്തുന്നതിനുമായി സ്ഥിരം സമിതി രൂപീകരിക്കും. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളും സമിതിയിൽ അംഗങ്ങളാകുമെന്ന് മന്ത്രി വ്യക്തമാക്കി.