ന്യൂഡൽഹി: ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പറക്കുകയായിരുന്ന ഒരു ഹെലികോപ്റ്റർ വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുള്ള ചായൻ ഗ്രാമത്തിന് അടുത്ത് തകർന്നു വീണു. ഹെലികോപ്റ്റർ കാണാതായതിനെ തുടർന്ന് വ്യോമമാർഗ്ഗമുള്ള തെരച്ചിലിനിടെ ചായൻ ഗ്രാമത്തിന് സമീപം പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് യാത്രക്കാർ ബംഗളൂരു സ്വദേശികളും പൈലറ്റ് ഡൽഹി സ്വദേശിയുമാണെന്ന് അധികൃതർ അറിയിച്ചു.
പൈലറ്റ് പടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് സ്വദേശിയായ ഹിമാൻഷു സബർവാൾ (48) ആണെന്ന് തിരിച്ചറിഞ്ഞു. ബംഗളൂരു സ്വദേശികളായ പ്രതാപ് ബി നിംഗരാജു (41), അരുൺ സാളുങ്കെ (44), സുധീർ കെ (49), എച്ച്.എസ്. നടരാജ് (51), ശങ്കരഗൗഡ വി.ബി (39) എന്നിവരാണ് യാത്രക്കാർ. ഇതിൽ സാളുങ്കെ പോലീസുകാരനും ശങ്കരഗൗഡ അഭിഭാഷകനുമാണ്.
ജില്ലാ ഭരണകൂടം, ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ട്രാൻസ് ഭാരത് ഏവിയേഷൻ' പ്രവർത്തിപ്പിക്കുന്ന VT-HCX എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഹെലികോപ്റ്റർ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:14-നാണ് ബദരീനാഥിൽ നിന്ന് പുറപ്പെട്ടത്. ജോഷിമഠിന് എതിർവശത്തുള്ള ഹാത്തി പഹാഡിലെ ആർമി പോസ്റ്റിന് സമീപത്ത് വെച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം അവസാനമായി ലഭിച്ചത്.