‘ഗഗൻയാനിലേക്ക് നമ്മൾ അടുത്തു’; എൻവിഎസ് 03 വിജയത്തിൽ പ്രതികരിച്ച് ഐഎസ്‌ആർഒ ചെയ‌ർമാൻ

ശ്രീഹരിക്കോട്ട: നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ ഡോ. വി നാരായണൻ. നിശ്ചയിച്ചിരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹം കൃത്യമായി എത്തിയെന്ന് ചെയ‍ർമാൻ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൗത്യത്തിൽ പങ്കാളിയായ ഐഎസ്ആർഒ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ചെയർമാൻ വി നാരായണൻ അഭിനന്ദിച്ചു. ഈ സാമ്പത്തിക വർഷം അഞ്ച് വിക്ഷേപണം കൂടി നടക്കുമെന്നും ചെയർമാൻ അറിയിച്ചു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു എന്നും അദ്ദേഹം പറഞ്ഞു.

മുമ്പത്തെ ജിഎസ്എൽവി ദൗത്യം കഴിഞ്ഞ് വെറും 56 ദിവസത്തിനുള്ളിൽ ഈ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് വലിയൊരു നേട്ടമാണെന്ന് ചെയർമാൻ പറഞ്ഞു. ഈ വിജയത്തോടെ, നാവിക് ശൃംഖല മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ നാല് ഉപഗ്രഹങ്ങൾ ഇപ്പോൾ ലഭ്യമായിരിക്കുകയാണ്. വിദേശ സഹായമില്ലാതെ ഇന്ത്യയ്ക്ക് സ്വന്തമായി നാവിഗേഷൻ, സമയവിവരങ്ങൾ എന്നിവ നൽകുന്ന ഒരു പ്രധാന തന്ത്രപ്രധാന നേട്ടമാണ് നാവിക്. ഇത് സാധാരണക്കാരുടെ ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നുണ്ട്. ഗഗൻ, നാവിക് എന്നീ സംവിധാനങ്ങളിലൂടെ ആഗോള നാവിഗേഷൻ രംഗത്തേക്ക് ഇന്ത്യ വലിയൊരു സംഭാവനയാണ് നൽകുന്നതെന്നും ഡോ. വി നാരായണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *