ന്യൂഡൽഹി: സായുധസേനയുടെ അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സേവനമനുഷ്ഠിക്കുന്ന അഗ്നിവീറുകളുടെ കരാർ കാലാവധി ആറുവർഷമായി ഉയർത്തി കേന്ദ്രം. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ എൻ എസ് രാജ സുബ്രഹ്മണി വാർത്താസമ്മേളനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതോടെ നാലുവർഷത്തെ കാലാവധി പൂർത്തിയാക്കി പുറത്തുപോകേണ്ടിയിരുന്ന ആദ്യ ബാച്ചിലെ 75 ശതമാനം അഗ്നിവീറുകൾക്കും സേനയിൽ തുടരാം.
ഇന്ത്യൻ പ്രതിരോധസേനയ്ക്കും അഗ്നിവീറുകൾക്കും ഇതൊരു സുപ്രധാന ദിവസമാണെന്ന് രാജ സുബ്രഹ്മണി പറഞ്ഞു. എല്ലാ അഗ്നിവീറുകൾക്കും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാനുള്ള വഴി ഇതോടെ തുറക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2022 ജൂൺ 14നാണ് അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യുമെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.
ആദ്യ ബാച്ചിലെ നാല് വർഷത്തെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ നിയമപ്രകാരം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 25 ശതമാനം അഗ്നിവീറുകളെ മാത്രമെ സ്ഥിര സൈന്യത്തിൽ ഉൾപ്പെടുത്താൻ സാധിക്കുമായിരുന്നുള്ളൂ. ബാക്കി 75 ശതമാനം പേർ നാലുവർഷത്തിന് ശേഷം പിരിഞ്ഞുപോകണമായിരുന്നു. എന്നാൽ പുതിയ പരിഷ്കരണത്തോടെ ഈ 75 ശതമാനം പേർക്കും രണ്ടുവർഷം കൂടി അധികമായി സേവനമനുഷ്ഠിക്കാനുള്ള അവസരം ലഭിക്കും.
ആറുവർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ താൽപ്പര്യമുള്ള എല്ലാവരെയും കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സായുധ സേനയിൽ സ്ഥിരനിയമനത്തിനായി പരിഗണിക്കുമെന്നും സിഡിഎസ് ജനറൽ വ്യക്തമാക്കി. നാലുവർഷത്തെ കുറഞ്ഞ സേവന കാലാവധിക്കെതിരെ ഉയർന്ന വ്യാപകവിമർശനങ്ങൾക്കിടെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം.
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ നിരവധി സംസ്ഥാനങ്ങൾ അഗ്നിവീറുകൾക്ക് പൊലീസിലും മറ്റ് സർക്കാർ സേവനങ്ങളിലും നേരത്തെ സംവരണം പ്രഖ്യാപിച്ചിരുന്നു. യുവാക്കൾക്ക് രാജ്യത്തെ സേവിക്കാനുള്ള അവസരം നൽകുന്നതിനൊപ്പം സായുധ സേനയെ കൂടുതൽ ഊർജ്ജസ്വലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022-ൽ കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതിക്ക് തുടക്കം കുറിച്ചത്.