വർക്കലയിൽ വറ്റ മീൻ കഴിച്ച് ആശുപത്രിയിലായ യുവാവ് മരിച്ചു

തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന വർക്കല സ്വദേശി മരിച്ചു. ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ ആണെന്നാണ് ലഭിക്കുന്ന വിവരം. മത്സ്യത്തൊഴിലാളി കൂടിയാണ് സുധീർ.

സുധീറിന്റെ ബോട്ടിൽ മത്സ്യം ലഭിക്കാത്തതിനെത്തുടർന്ന് 25 കിലോ തൂക്കം വരുന്ന 28 ഓളം മത്സ്യം മറ്റൊരു ബോട്ടിൽ നിന്ന് സുധീർ വാങ്ങിയിരുന്നു. ഇതിൽ നിന്നാണ് സുധീറും വീട്ടിലേക്ക് കൊണ്ടുപോയത്. ഇക്കഴിഞ്ഞ ഒക്ടോബർ 28നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 9.30നാണ് മരിച്ചത്.

സുധീറിന്റെ കുടുംബത്തിലെ ബന്ധുക്കൾക്കും അലർജിയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഒക്ടോബർ 26 മുതൽ പെരുമാതുറ, മുതലപ്പൊഴി ഭാഗത്ത് വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടർന്ന് വിപണിയിൽനിന്നും മത്സ്യം വാങ്ങി കഴിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. തുടർന്ന് മത്സ്യം വാങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങൾ മാത്രമേ വാങ്ങി ഉപയോഗിക്കാവൂ എന്നും കർശന ജാഗ്രത പുലർത്തണമെന്നും വർക്കല നഗരസഭ അറിയിച്ചിരുന്നു.

ചാകരയിൽ അടിഞ്ഞ മീനിനൊപ്പം പഴകിയ മീൻ കൂടെ വിൽപ്പനക്കാർ ചേർത്തിട്ടുണ്ടാകാമെന്നാണ് നിഗമനം. മാത്രമല്ല, ചാകര സമയത്ത് ഒരുപാട് മീൻ പിടിക്കുമ്പോൾ ഐസ് ഇടാതെ, ബാക്‌ടീരിയ വളരാനും സാദ്ധ്യതയുണ്ട്. കൂടാതെ, വറ്റ പോലുള്ള കടൽ മീനിൽ ഹിസ്റ്റാമിൻ എന്ന വിഷം പെട്ടെന്നുണ്ടാകാൻ സാദ്ധ്യതയുണ്ട്. മീൻ ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ഈ വിഷം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *