ന്യൂഡല്‍ഹി : പഞ്ചാബിലെ പട്യാലയ്ക്ക് സമീപം രാജ്പുരയിൽ വെച്ച് കർമ്മഭൂമി എക്സ്പ്രസിന് തീപിടിച്ചു. അമൃത്സറിൽ നിന്ന് ന്യൂ ജൽപായ്ഗുരിയിലേക്ക് പോവുകയായിരുന്ന 12508 നമ്പർ ട്രെയിനിന്റെ നാല് കോച്ചുകളിൽ തീപിടിത്തമുണ്ടായത്.ട്രെയിനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം .
ട്രെയിൻ ഓടിക്കൊണ്ടിരിക്കെയാണ് തീപിടുത്തമുണ്ടായത്. ഇത് യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. കോച്ചുകളിൽ നിന്ന് വലിയ രീതിയിൽ കറുത്ത പുക ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.
സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ലോക്കോ പൈലറ്റും ട്രെയിൻ ഗാർഡും അതീവ ജാഗ്രതയോടെ പ്രവർത്തിക്കുകയും, സിർഹിന്ദ്-രാജ്പുര റെയിൽ പാതയിലുള്ള സരായ് ബഞ്ചാര റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. യാത്രക്കാർക്ക് പരിക്കേറ്റതായി സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.