ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ്; മാപ്പപേക്ഷ തള്ളി, എല്ലാ കെപിസിസി ഭാരവാഹികൾക്കും കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ കെപിസിസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ പ്രസിദ്ധീകരിച്ച ആക്ഷേപകരമായ പോസ്റ്റുമായി ബന്ധപ്പെട്ട കേസിൽ, 1971-ലെ കോടതിയലക്ഷ്യ നിയമപ്രകാരം നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ എല്ലാ ഭാരവാഹികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കോടതിയെ സഹായിക്കുന്നതിനായി ബെഞ്ച് ഒരു സീനിയർ അഭിഭാഷകനെ 'അമിക്കസ് ക്യൂറി' ആയി നിയമിക്കുകയും ചെയ്തു.

2026 ഒക്ടോബർ 12-നാണ് ചീഫ് ജസ്റ്റിസിനെതിരെ ആക്ഷേപകരവും അപകീർത്തികരവും ഭീഷണിപ്പെടുത്തുന്നതുമായ പോസ്റ്റ് കെപിസിസിയുടെ ഔദ്യോഗിക വേരിഫൈഡ് എക്സ് ഹാൻഡിൽ പ്രസിദ്ധീകരിച്ചത്. വ്യാപകമായ വിമർശനം ഉയർന്നതിനെ തുടർന്ന് വിവാദ ട്വീറ്റ് നീക്കം ചെയ്തിരുന്നു.

"ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന ചില പരാമർശങ്ങളാണ് ഈ കേസിന് ആധാരം. ഭരണഘടനയാണ് പരമോന്നതം. ഒരു വ്യക്തിയോ സ്ഥാപനമോ രാഷ്ട്രീയ പ്രസ്ഥാനമോ ഇതിന് മുകളിലല്ല. നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ നിലനിൽപ്പ് എന്നത് രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ചുള്ള ഒന്നല്ല. അത് ഈ റിപ്പബ്ലിക്കിനോടും ഇവിടുത്തെ ജനങ്ങളോടും ഭരണഘടന ഉറപ്പുനൽകുന്ന ഒന്നാണ്. വിധികൾ എത്ര കഠിനമായും വിമർശിക്കപ്പെടാം. എന്നാൽ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഭീഷണിപ്പെടുത്തുന്നതിനോ നീതിനിർവഹണത്തിൽ ഇടപെടുന്നതിനോ ഉള്ള കവചമാക്കാൻ കഴിയില്ല. ഒരു വ്യക്തി എത്ര ഉയർന്ന പദവി വഹിക്കുന്ന ആളായാലും, നീതിയുടെ ഉറവ കലക്കാൻ ആ വ്യക്തിയെ അനുവദിക്കാനാവില്ല. ജുഡീഷ്യറിയുടെ സംയമനത്തെ ഒരിക്കലും സ്ഥാപനത്തിന്റെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്. കോടതിയുടെ അധികാരത്തെ തുരങ്കം വെക്കാനുള്ള ഏത് ശ്രമത്തെയും ഉരുക്ക് മുഷ്ടി ഉപയോഗിച്ച് തന്നെ നേരിടേണ്ടതുണ്ട്, "ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

കേസ് പരിഗണിച്ച വേളയിൽ കെപിസിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും സുപ്രീം കോടതി അത് സ്വീകരിക്കാൻ തയാറായില്ല. "ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക എന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളതെന്ന് കോടതി രൂക്ഷമായി ആരാഞ്ഞു. മാപ്പുപറച്ചിൽ "പേനയിൽ നിന്നാണോ അതോ ഹൃദയത്തിൽ നിന്നാണോ" എന്ന് അഭിഭാഷകൻ പരിശോധിക്കുമെന്ന് പറഞ്ഞ കോടതി, നോട്ടീസ് പാർട്ടി പ്രസിഡന്റിൽ മാത്രം ഒതുക്കാനാവില്ലെന്ന് വ്യക്തമാക്കി.

'പ്രിയ സൂര്യകാന്ത്, നിയമവും വ്യവസ്ഥയും നിങ്ങളുടെ പരിധിയിലല്ലെങ്കിൽ ഇപ്പോൾ തന്നെ രാജി വെക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം' എന്നായിരുന്നു വിവാദ പോസ്റ്റ്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ തന്നെ ദേശീയ മാധ്യമങ്ങൾ ഇത് വാർത്തയാക്കി. വൈകാതെ തന്നെ പോസ്റ്റ് പിൻവലിക്കുകയും പോസ്റ്റ് ഇട്ട വ്യക്തിക്കെതിരെ നടപടി സ്വീകരിച്ചും മുഖം രക്ഷിക്കാൻ കെപിസിസി ശ്രമം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *