ബംഗളൂരു കൂട്ടക്കൊല; പ്രതി ക്രൈംമാസിക ഉടമ, വെറുതേവിട്ടത് രണ്ട് കുട്ടികളെ മാത്രം

ബംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ ഉൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ ടാക്‌സി ഡ്രൈവർ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ സുനിത ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് പോകുന്നതും തർക്കങ്ങളുണ്ടാകുമ്പോൾ വീട്ടുകാർ സുനിതയെ പിന്തുണയ്ക്കു‌ന്നതുമാണ് കൊലപാതകിയായ ഇന്ദുശേഖറിൽ വൈരാഗ്യമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ‘താനവരതി’ എന്ന ക്രൈംമാസികയുടെ നടത്തിപ്പുകാരൻ കൂടിയാണ് രാജാജി നഗർ സ്വദേശിയായ ഇന്ദുശേഖർ.

ഒക്ടോബർ 16നും 31നും ഇടയിലായി ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, അവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപവതി, ശിവകുമാറിന്റെ ഏഴ് വയസുള്ള മകൻ പുനീത് എന്നിവരെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്. 17കാരിയായ സ്വന്തം മകളെയും ഭാര്യാസഹോദരന്റെ 11കാരനായ മകനെയും മാത്രമാണ് ഇന്ദുശേഖർ വെറുതെവിട്ടത്.

നളിനിയെ കാണാനില്ലെന്ന് കാട്ടി അവരുടെ അമ്മ തുംഗമ്മ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൂട്ടക്കൊല തിരിച്ചറിഞ്ഞത്. ആദ്യം സുനിതയെയാണ് ഇന്ദുശേഖർ വകവരുത്തിയത്. അരകല്ലുപയോഗിച്ച് തലയ്ക്ക‌ടിച്ചുകൊന്നശേഷം മൃതദേഹം നന്ദി ഹിൽസിൽ ഉപേക്ഷിച്ചു. ഭാര്യ ടൂർ പോയിരിക്കുകയാണെന്ന് അയൽക്കാരെ ധരിപ്പിക്കുകയും അവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കുകയും ചെയ്‌തു.

തുടർന്നുള്ള ദിവസങ്ങളിൽ ശിവകുമാറിന്റെയും ശങ്കറിന്റെയും കുടുംബങ്ങളെ വിരുന്നിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി. ഇതിനായി 17 വയസുള്ള മകളുടെ സഹായവും തേടിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ സ്വന്തം കാറിൽ ശേഖർ ഷിറാഡി ചുരം, മൈസൂരു ചാമുണ്ഡി ഹിൽസ്, സേലത്തിന് സമീപം ഏർക്കാട് ചുരം എന്നിവിടങ്ങളിൽ‌ കൊണ്ടുപോയി ഉപേക്ഷിച്ചു. വെറുതേവിട്ട 11കാരനുമായി ഇന്ദുശേഖർ ഒരുദിവസം മുഴുവൻ കാറിൽ ചുറ്റി. കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യം പറയുന്നുണ്ട്. യാത്രയ്‌ക്കിടെ വിവിധയിടങ്ങളിലായി ചാക്കുകെട്ടുകൾ ഉപേക്ഷിച്ചെന്നും കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *