ന്യൂഡൽഹി: സർക്കാർ സർവീസിലെ ജീവനക്കാരുടെ ജോലിയിലുള്ള ഉത്തരവാദിത്വവും കാര്യക്ഷമതയും സംബന്ധിച്ച് കടുത്ത വിമർശനവുമായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന രീതിയാണ് പരിഗണിക്കേണ്ടതെന്നും അങ്ങനെ ചെയ്താൽ മാത്രമേ ജോലിയോടുള്ള ഉത്തരവാദിത്വം വർദ്ധിക്കുകയുള്ളൂവെന്നും ബി.വി. നാഗരത്ന നിരീക്ഷിച്ചു. പഞ്ചാബ് സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (ഡിഎ) അനുവദിക്കാത്തതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് ആർ. മഹാദേവനും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സർക്കാർ ഓഫീസുകളിലെ ജോലിയുടെ വേഗതയെയും ജീവനക്കാരുടെ സമീപനത്തെയും ജസ്റ്റിസ് നാഗരത്ന വിമർശിച്ചു. ഒരു ദിവസം മൂന്ന് പേജുകൾ മാത്രം ടൈപ്പ് ചെയ്യുന്ന സാഹചര്യം ചൂണ്ടിക്കാട്ടി. ഹൈക്കോടതികളിലും ജില്ലാ കോടതികളിലും ജോലി ലഭിച്ചാലും സെക്രട്ടേറിയറ്റുകളിലേക്ക് മാറാനാണ് പല ജീവനക്കാർക്കും താൽപ്പര്യമെന്നും അവിടെ ജോലിഭാരം താരമ്യേന കുറവാണെന്ന നിരീക്ഷണവും ബെഞ്ച് കണ്ടെത്തി.
പഞ്ചാബിലെ സർക്കാർ ജീവനക്കാർക്ക് ഡിഎ നൽകാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നായിരുന്നു നേരത്തെ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്. എന്നാൽ, വിവിധ സൗജന്യ പദ്ധതികൾക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി സർക്കാർ വലിയ തുക ചെലവഴിക്കുന്നുണ്ടെന്ന കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ വാദമാണ് ജീവനക്കാരുടെ അഭിഭാഷകർ സുപ്രീംകോടതിയിലും ഉന്നയിച്ചത്. സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളും സൗജന്യ ആനുകൂല്യങ്ങളും അവർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
എന്നാൽ, ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളും സർക്കാർ ജീവനക്കാരും ഒരേ വിഭാഗമല്ലെന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാനാണ് സൗജന്യ പദ്ധതികൾ. അതേസമയം, സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളും തൊഴിൽപരമായ പരിരക്ഷയും ലഭിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നില്ലെന്നും എല്ലാ സാഹചര്യങ്ങളിലും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന നിരവധി പേരുണ്ടെന്നും മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു. എന്നാൽ, സർക്കാർ ജീവനക്കാർ കൃത്യനിഷ്ഠയോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കുന്നുണ്ടെങ്കിൽ രാജ്യത്തെ കോടതികളിൽ ഇത്രയധികം കേസുകൾ ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ മറുപടി. വാദത്തിനിടെ പഞ്ചാബ് ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികൾക്ക് സുപ്രീംകോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു.