ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരത്തില്‍ വിമാനം ലാന്‍ഡ് ചെയ്ത് ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ വ്യോമസേന.
13,629 അടി ഉയരത്തിലുള്ള ലഡാക്കിലെ ന്യോമ വ്യോമതാവളത്തിലാണ് ഐ.എല്‍-76എം.ഡി. ഹെവി ലിഫ്റ്റ് ട്രാന്‍സ്പോര്‍ട്ട് വിമാനം വ്യോമസേന വിജയകരമായി ഇറക്കിയത്. ഇത്തരം വലിയ വിമാനം ഇത്രയും ഉയര്‍ന്ന പ്രദേശത്ത് ലാന്‍ഡ് ചെയ്യുന്നത് ഇതാദ്യമാണെന്ന് വ്യോമസേന എക്സില്‍ കുറിച്ചു. വിമാനം ലാന്‍ഡ് ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും ഇതിനൊപ്പം വ്യോമസേന പങ്കുവച്ചിട്ടുണ്ട്.
ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് വെറും 23 മുതല്‍ 30 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന അതീവ തന്ത്രപ്രധാനമായ വ്യോമതാവളമാണ് ന്യോമ. വിമാനത്തിന്റെ ശേഷിയും ദൗത്യത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യവും കൃത്യതയും പ്രകടമാക്കുന്നതാണ് ഈ നേട്ടമെന്ന് വ്യോമസേന വ്യക്തമാക്കി. ഇന്ത്യയുടെ തന്ത്രപ്രധാനമായ വ്യോമഗതാഗത ശേഷി കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ നേട്ടമെന്നും വ്യോമസേന അറിയിച്ചു.
കിഴക്കന്‍ ലഡാക്കിലാണ് ന്യോമ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍നിന്ന് വലിയ ഉയരത്തിലുള്ള പ്രദേശമായതിനാല്‍ ഇവിടെ വിമാനങ്ങള്‍ ഇറക്കുന്നതും പറന്നുയരുന്നതും ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഉയരം കൂടുന്നതിനനുസരിച്ച് വായുവിന്റെ സാന്ദ്രത കുറയുന്നത് വിമാനത്തിന്റെ ലിഫ്റ്റിനെയും എന്ജിന് പ്രവര്‍ത്തനത്തെയും ബാധിക്കും. അതിനാല്‍ ഇത്തരം ദൗത്യങ്ങള്‍ക്ക് കൃത്യമായ ആസൂത്രണവും വൈദഗ്ധ്യവും ആവശ്യമാണ്.
റഷ്യന്‍ നിര്‍മിതമായ നാല് എന്‍ജിനുകളുള്ള ഹെവി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് ഐ.എല്‍-76എം.ഡി. വിദൂരവും തന്ത്രപ്രധാനവുമായ മേഖലകളിലേക്ക് സൈനികരെയും ആയുധങ്ങളും മറ്റ്അവശ്യസാധനങ്ങളും എത്തിക്കുന്നതില്‍ ഈ വിമാനം ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഏറെ നിര്‍ണായകമാണ്.