ആലപ്പുഴ: എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രാതിനിധ്യ വോട്ടവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ നിര്‍ണായക വഴിത്തിരിവ്. 1974-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യ വോട്ടവകാശ സംവിധാനം തുടരാന്‍ കേന്ദ്ര കമ്പനിമന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചേക്കുമെന്ന് വിവരം.
കേന്ദ്ര കമ്പനി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.എന്‍.ഡി.പി. യോഗത്തിന്റെ സംഘടനാ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന വിലയിരുത്തലാണ് തീരുമാനത്തിന് ആധാരം. എസ്.എന്‍.ഡി.പി. യോഗം പൂര്‍ണമായും 2013-ലെ കേന്ദ്ര കമ്പനി നിയമത്തിന് കീഴിലാണെന്നു കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിലയിരുത്തി.
1961ലെ കേരള നോണ്‍ ട്രേഡിങ് കമ്പനീസ് ആക്ട് എസ്.എന്‍.ഡി.പി. യോഗത്തിനു ബാധകമല്ല. കേരളത്തിനുപുറമെ കന്യാകുമാരി, ഡല്‍ഹി, യു.എ.ഇ. തുടങ്ങിയ സ്ഥലങ്ങളിലും ശാഖകളും പോഷക സംഘടനാ പ്രവര്‍ത്തനങ്ങളുമുണ്ട്. അതിനാല്‍ യോഗത്തിന്റെ പ്രവര്‍ത്തനപരിധി കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന വാദവും മന്ത്രാലയത്തിന്റെ പരിഗണനയില്‍ പ്രധാനമായി.
1903-ല്‍ ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട യോഗത്തിന്റെ ബൈലോയും സംഘടനാ സംവിധാനവും ഇതുമായി ബന്ധപ്പെട്ട നിയമപരിശോധനയില്‍ പ്രസക്തമായി. അരുവിപ്പുറം ക്ഷേത്രത്തെയും മറ്റ് പ്രദേശങ്ങളെയും പരാമര്‍ശിക്കുന്ന ബൈലോയിലെ വ്യവസ്ഥകളും യോഗത്തിന്റെ വിശാലമായ പ്രവര്‍ത്തനപരിധി വ്യക്തമാക്കുന്നതാണെന്നാണ് വിലയിരുത്തല്‍.
പ്രാതിനിധ്യ വോട്ടവകാശത്തിന്റെ ചരിത്രത്തിന് 1974-ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ പിന്തുണയുണ്ട്. ഇരുനൂറ് സ്ഥിരാംഗങ്ങള്‍ക്ക് ഒരു പ്രതിനിധി എന്ന രീതിയിലാണ് നിലവിലെ സംവിധാനം.
ഈ ഇളവ് ഇപ്പോഴും ബാധകമാണെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിലെ അഡിഷണല്‍ സെക്രട്ടറി അംശുമാന് പട്നായിക്കിന്റെ റിപ്പോര്‍ട്ടിലുണ്ട്. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്, ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന് എന്നിവയുടെ ഭേദഗതികള്‍ക്കും വാര്‍ഷികറിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും ഉള്‍പ്പെടെയുള്ളവയ്ക്ക് കമ്പനി രജിസ്ട്രാറെയാണ് യോഗം സമീപിക്കേണ്ടത്. കേരളത്തിനും ഇന്ത്യക്കു പുറത്തും എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തിക്കുന്നതിനാല്‍ കേന്ദ്രനിയമം തന്നെയാണ് ബാധകമെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വ്യവസ്ഥയുടെ നിയമസാധുത ചോദ്യംചെയ്തുള്ള കേസുകളും ഹൈക്കോടതിയിലെ നടപടികളും സുപ്രീം കോടതിയിലെ അപ്പീല്‍ നടപടികളും വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്കി.
യോഗം ഏത് നിയമത്തിന്റെ പരിധിയിലാണ് വരുന്നതെന്ന് പരിശോധിക്കാന്‍ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് കേന്ദ്രകമ്പനികാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതു ചോദ്യം ചെയ്യുന്ന അപ്പീലില്‍ ബന്ധപ്പെട്ടരെ കേട്ട് ഈമാസം 19ന് മുമ്പ് തീരുമാനമെടുക്കാന്‍ സുപ്രീം കോടതിയും നിര്‍ദേശിച്ചു. തുടര്‍ന്നാണ് എസ്.എന്‍.ഡി.പി. യോഗവും ചീഫ് സെക്രട്ടറിയും രജിസ്ട്രേഷന് വകുപ്പ് ഐ.ജിയും ഉള്‍പ്പടെ എട്ട് കക്ഷികളെ കേട്ടശേഷം റിപ്പോര്‍ട്ട് തയാറാക്കിയത്. ഈമാസം 19ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.