ന്യൂഡൽഹി: ബിജെപിയുടെ നെടുനായകത്വം വഹിച്ച ഭാരത് രത്ന എൽ കെ അദ്വാനി തന്റെ തൊണ്ണൂറ്റിയൊമ്പതാം (99) പിറന്നാൾ ആഘോഷിച്ച് (നവം.7.2026) ജീവിതത്തിന്റെ നൂറാം വർഷത്തിലേക്ക് കടന്നു. വിഭജന കാലത്തെ സിന്ധ് പ്രവിശ്യയിൽ നിന്ന് ഭാരതരത്ന പുരസ്കാര നേട്ടം വരെയുള്ള എൽ കെ അദ്വാനിയുടെ ജീവിതയാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മരിച്ചു. ജനസംഘം, അടിയന്തരാവസ്ഥ, രാമക്ഷേത്ര പ്രസ്ഥാനം എന്നിവയിലെ അദ്വാനിയുടെ പങ്ക് അദ്ദേഹം ഓർത്തെടുത്തു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രം നിർമ്മിച്ച ബിജെപിയുടെ രൂപകൽപ്പനയിൽ 'നിർണ്ണായക പങ്കുവഹിച്ച വ്യക്തി' എന്നാണ് മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ പിതാമഹനുമായ ലാൽ കൃഷ്ണ അദ്വാനി നവംബർ 8 ഞായറാഴ്ച 99-ആം ജന്മദിനം ആഘോഷിച്ച് 100-ആം വയസ്സിലേക്ക് കടക്കുന്നു. വിഭജന കാലത്തെ സിന്ധ് മുതൽ ഭാരതരത്ന വരെയുള്ള അദ്വാനിയുടെ യാത്രയെ വിവരിക്കുകയും ജനസംഘത്തെയും ബിജെപിയെയും കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിനുള്ള പങ്ക് ഓർത്തെടുക്കുകയും ചെയ്തുകൊണ്ട് ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരവ് അർപ്പിച്ചു.
ഈ വർഷം അദ്വാനിയുടെ ജന്മദിനം ദീപാവലിയുമായി ഒത്തുപോകുന്നുവെന്ന് മോദി കുറിക്കുന്നു. 1927 നവംബർ 8-ന് ദേവ് ദീപാവലി ദിനത്തിലാണ് കറാച്ചിയിൽ അദ്വാനി ജനിച്ചത്. ജനസംഘം രൂപീകൃതമായതിന്റെ 75-ആം വർഷം, ശ്യാമപ്രസാദ് മുഖർജിയുടെ 125-ആം ജന്മവാർഷികം, ആർ.എസ്.എസ് നൂറാം വർഷത്തിലേക്ക് കടന്നത് എന്നിവയ്ക്കൊപ്പമാണ് ഈ വിശേഷദിവസവും വരുന്നത്.
1947-ൽ സിന്ധ് ഉപേക്ഷിച്ച് പോരേണ്ടി വന്നതിന്റെ വേദന അദ്വാനി അനുഭവിച്ചിട്ടുണ്ടെന്നും അതിനുശേഷം "ഒരു കയ്പും സൂക്ഷിക്കാതെ" ജീവിതം പൂജ്യത്തിൽ നിന്ന് അദ്ദേഹം പുനർനിർമ്മിച്ചുവെന്നും മോദി തന്റെ സന്ദേശത്തിൽ പറയുന്നു. ഈ സവിശേഷതയാണ് പിൽക്കാലത്ത് ജനസംഘത്തെ ശക്തമാക്കുന്നതിലും ബിജെപി കെട്ടിപ്പടുക്കുന്നതിലും അദ്വാനിയെ നയിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു. അദ്വാനി ബിജെപി അധ്യക്ഷനായിരുന്ന കാലത്താണ് 1989-ൽ കോൺഗ്രസ് 400 സീറ്റുകളിൽ നിന്ന് 200-ൽ താഴെയായി കുറഞ്ഞതെന്നും 1996-ൽ ബിജെപി ആദ്യമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നതെന്നും മോദി സൂചിപ്പിച്ചു.
ഒരു നേതാവെന്ന നിലയിൽ അദ്വാനിയെ വേറിട്ടുനിർത്തുന്നത് രണ്ട് ഗുണങ്ങളാണ്: അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ വ്യക്തതയും ബുദ്ധിപരമായ മൂർച്ചയും, കൂടാതെ രാഷ്ട്രീയ മേഖലയിലെ വലിയൊരു വിഭാഗം വർഷങ്ങളായി മുന്നോട്ടുവെച്ച "വ്യാജ മതേതരത്വത്തെ" അദ്ദേഹം ചോദ്യം ചെയ്ത രീതിയും. ജനസംഘത്തിനും ബിജെപിക്കുമായി അദ്വാനി തയ്യാറാക്കിയ പ്രമേയങ്ങൾ ഇന്നും വായിക്കേണ്ടവയാണെന്ന് ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നു.
രാജസ്ഥാനിൽ ആർഎസ്എസ് പ്രചാരകനായി പ്രവർത്തനം ആരംഭിച്ച അദ്വാനി പിന്നീട് ഡൽഹിയിലേക്ക് മാറുകയും അടൽ ബിഹാരി വാജ്പേയിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. രണ്ട് പ്രഗത്ഭ നേതാക്കൾ പരസ്പരം എതിരാളികളാകാതെ പതിറ്റാണ്ടുകളോളം ഒന്നിച്ച് പ്രവർത്തിക്കുന്നത് അപൂർവ്വമാണെന്നും ഇരുവരും ചേർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 1967-ൽ അദ്വാനി ഡൽഹി മെട്രോപൊളിറ്റൻ കൗൺസിലിന്റെ ചെയർമാനായി. 1970-ൽ ആരംഭിച്ച അദ്ദേഹത്തിന്റെ പാർലമെന്ററി ജീവിതത്തിൽ ഇരുസഭകളിലും പ്രതിപക്ഷ നേതാവായും ഭരണപക്ഷത്ത് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1991-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഓർത്തെടുത്തുകൊണ്ട്, അദ്വാനി മത്സരിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്ന് ഗാന്ധിനഗർ ആയിരുന്നുവെന്ന് മോദി പറയുന്നു. അദ്വാനിയുടെ നാമനിർദ്ദേശ പത്രിക തയ്യാറാക്കുന്നതിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും താൻ പങ്കാളിയായിരുന്നു. വിഭജനത്തിനു ശേഷം അദ്വാനിയുടെ പിതാവ് ഗുജറാത്തിലെ കച്ചിലായിരുന്നു താമസം ഉറപ്പിച്ചിരുന്നത്. കൂടാതെ അദ്വാനി മുൻപ് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ അംഗവുമായിരുന്നു.
അടിയന്തരാവസ്ഥ അദ്വാനിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്ന് ലേഖനം പറയുന്നു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. തന്റെ 'എ പ്രിസണേഴ്സ് സ്ക്രാപ് ബുക്ക്' എന്ന പുസ്തകത്തിലെ "എ റ്റെയിൽ ഓഫ് റ്റു എമർജൻസീസ്" എന്ന ഭാഗത്ത് 1975 ജൂൺ മുതലുള്ള ഇന്ത്യയിലെ സാഹചര്യങ്ങളെ 1933-ലെ നാസി ജർമ്മനിയുമായി അദ്ദേഹം ഉപമിച്ചു.
1977-ൽ ജനതാ സർക്കാർ അധികാരത്തിൽ വന്നപ്പോൾ അദ്വാനി വാർത്താവിനിമയ പ്രക്ഷേപണ മന്ത്രിയായി. ഈ കാലഘട്ടം ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് ലേഖനത്തിൽ വിശേഷിപ്പിക്കുന്നു. പിന്നീട് ഉപപ്രധാനമന്ത്രിയായും ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ആഭ്യന്തര മന്ത്രിമാരിൽ ഒരാളായും അദ്വാനി രാജ്യത്തിന്റെ സുരക്ഷാ സംവിധാനം ശക്തമാക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും രാജ്യത്തിന് ശക്തമായ ഭീകരവിരുദ്ധ നിയമം ഉറപ്പാക്കുകയും ചെയ്തു.
സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് നടത്തിയ രഥയാത്ര ഇന്ത്യൻ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ ഒരു നിർണായക നിമിഷമായിരുന്നുവെന്ന് മോദി വിശേഷിപ്പിച്ചു. പദ്ധതി തയ്യാറാക്കൽ മുതൽ അത് നടപ്പിലാക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും താൻ പങ്കാളിയായിരുന്നുവെന്നും സോംനാഥിൽ യാത്ര ആരംഭിക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നുവെന്നും മോദി ഓർത്തെടുത്തു. ബീഹാറിൽ വെച്ചുള്ള അദ്വാനിയുടെ അറസ്റ്റും 1990 ഒക്ടോബറിൽ ഗുജറാത്തിലെ ചിമൻഭായ് പട്ടേൽ സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചതും രാമക്ഷേത്ര കാര്യത്തിലും പ്രത്യയശാസ്ത്രത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ല എന്നതിന്റെ സൂചനയായിരുന്നു. ഇപ്പോൾ അയോധ്യയിൽ ഭവ്യമായ ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു.
രാഷ്ട്രീയത്തിന് ഉപരിയായി അദ്വാനിയുടെ ലാളിത്യവും സുതാര്യതയും സന്ദേശത്തിൽ എടുത്തുപറയുന്നുണ്ട്. 1974-ലെ നവനിർമ്മാൺ പ്രസ്ഥാനത്തിന് ശേഷം, കോൺഗ്രസ് പരാജയപ്പെട്ട നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി അദ്വാനി ഒരു സാധാരണ പാർട്ടി പ്രവർത്തകനായി ഒരു മാസത്തോളം ജുനഗഡിൽ താമസിച്ചിരുന്നുവെന്ന് മോദി ഓർമ്മിപ്പിച്ചു.
പത്രങ്ങൾ കൃത്യമായി വായിക്കുന്ന ഒരു വായനാപ്രിയനും സിനിമ, നാടക ആസ്വാദകനും ചലച്ചിത്ര നിരൂപകനുമായിരുന്നു അദ്വാനി. അദ്ദേഹത്തിന്റെ 'മൈ കണ്ട്രി മൈ ലൈഫ്' എന്ന പുസ്തകം അദ്ദേഹത്തിന്റെ ചരിത്രബോധത്തെ പ്രതിഫലിപ്പിക്കുന്നു. സിന്ധി സംസ്കാരവുമായി എപ്പോഴും ബന്ധം പുലർത്തിയ അദ്വാനി ലെഹിന് സമീപമുള്ള സിന്ധു ദർശൻ പൂജ ജനപ്രിയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. "അദ്വാനിജിക്കും ജോർജ്ജ് ഫെർണാണ്ടസ് ജിക്കുമൊപ്പം താനും ഒരിക്കൽ പൂജയിൽ പങ്കെടുത്തിരുന്നു," മോദി പറയുന്നു.
2016-ൽ അന്തരിച്ച അദ്വാനിയുടെ ഭാര്യ കമല അദ്വാനിയുടെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു; അദ്വാനിയുടെ പൊതുജീവിതത്തിലുടനീളം വലിയൊരു കരുത്തായിരുന്നു കമല എന്ന് മോദി വിശേഷിപ്പിച്ചു. 2024-ലാണ് അദ്വാനിക്ക് ഭാരതരത്ന ബഹുമതി ലഭിച്ചത്. "കറാച്ചിയിൽ വളർന്ന അദ്വാനിജിക്ക് തന്റെ ജീവിതം ഏത് വഴിക്കാണ് പോകാൻ പോകുന്നതെന്ന് മുൻകൂട്ടി ഊഹിക്കാൻ പോലും കഴിയില്ലായിരുന്നു," മോദി കുറിച്ചു.
"അദ്വാനിജി തന്റെ ജീവിതത്തിന്റെ നൂറാം വർഷത്തിലേക്ക് കടക്കുമ്പോൾ, അദ്ദേഹത്തിന് നല്ല ആരോഗ്യമുണ്ടാവട്ടെയെന്നും എപ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നത് തുടരാൻ കഴിയട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു," എന്ന് പറഞ്ഞാണ് മോദി തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.