കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ അനധികൃതമായി ജോലി ചെയ്യുന്നത് 46 പ്രൊഫസര്മാരെന്ന് റിപ്പോര്‍ട്ട്. ഓഡിറ്റ് വിഭാഗത്തിന്റേ താണ് കണ്ടെത്തല്‍. ശമ്പളയിനത്തില്‍ ഇവര്‍ക്ക് നല്കിയ അധിക തുകയില്‍ ഓഡിറ്റ് വിഭാഗം വിശദീകരണം തേടിയിരിക്കുകയാണ്. അധ്യാപക നിയമനങ്ങളില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്നും ഈ 46 അധ്യാപകരുടെ നിയമനങ്ങളിലും സര്‍ക്കാര്‍ അംഗീകാരം ഇല്ലെന്നും പറയുന്നു.
ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് പ്രകാരം ഒന്‍പത് പ്രൊഫസര്‍മാരെയും 21 അസോസിയേറ്റ് പ്രൊഫസര്‍മാരെയും 190 അസിസ്റ്റന്റ് പ്രൊഫസര്‍മാരെയുമാണ് സ്ഥിരമായി നിയമിക്കാവുന്നത്. എന്നാല്‍ 55 പ്രൊഫസര്‍മാരും 15 അസോസിയേറ്റ് പ്രൊഫസര്‍മാരും 52 അസിസ്റ്റന്റ് പ്രൊഫസര്‍മാരും സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നു എന്നാണ് കണ്ടെത്തല്‍.
90 ശതമാനം അധ്യാപകരും വര്‍ഷങ്ങളായി പഞ്ചിംഗും നടത്താറില്ല. അധ്യാപകര്‍ പഞ്ചിങ് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മിക്ക അധ്യാപകരും ഹാജര്‍ ബുക്കില്‍ ഒപ്പിടുന്ന രീതിയാണ് പിന്തുടരുന്നത്. മെഷീന് പ്രവര്‍ത്തനരഹിതമായതിനാല്‍ പഞ്ച് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് ചില പരാതികള്‍ സര്‍വകലാശാലയില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അധ്യാപകരുടെ ശമ്പളം വരുന്ന സോഫ്റ്റ്വെയര് പഞ്ചിങ്ങുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഇവര്‍ക്ക് ശമ്പളം വരുന്നത് എന്നാണ് ചോദ്യം.