ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർ തുടർച്ചയായി 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞാൽ നിയമപ്രകാരം സ്വമേധയാ സസ്‌പെൻഷനിലാകുമെന്ന് സുപ്രീംകോടതി. ഇതിനായി പ്രത്യേക സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. 48 മണിക്കൂർ കസ്റ്റഡി പൂർത്തിയാകുന്ന നിമിഷം മുതൽ സസ്‌പെൻഷൻ പ്രാബല്യത്തിൽ വരുമെന്നും കോടതി നിരീക്ഷിച്ചു.
ബിഹാറിലെ സമസ്തിപൂർ സദർ ആശുപത്രി മാനേജർ ഉൾപ്പെട്ട അഴിമതിക്കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ ഏകദേശം 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു.
ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കി അതേ ആശുപത്രിയിൽ വീണ്ടും നിയമിച്ചതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ഉദ്യോഗസ്ഥൻ 48 മണിക്കൂർ കസ്റ്റഡിയിൽ പൂർത്തിയാക്കിയാൽ ചട്ടപ്രകാരം സസ്‌പെൻഷൻ നിലവിൽ വരുമെന്നും ഇതിനായി പ്രത്യേകം അന്വേഷണമോ കുറ്റപത്രമോ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഉദ്യോഗസ്ഥൻ കസ്റ്റഡിയിലായ വിവരം അറിഞ്ഞാലുടൻ നിയമനാധികാരി ആവശ്യമായ ഔദ്യോഗിക നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലും സസ്‌പെൻഷൻ സ്വമേധയാ അവസാനിക്കില്ല. ബന്ധപ്പെട്ട അധികാരികൾ സസ്‌പെൻഷൻ പിൻവലിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ നടപടി തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.