ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ടെലിവിഷൻ അവതാരക റാബിയ അഹ്സാനെ റാവൽപിണ്ടിയിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അഹ്സാൻ താഹിർ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തോക്കും പൊലീസ് പിടിച്ചെടുത്തു.
ഞായറാഴ്ചയാണ് റാവൽപിണ്ടിയിലെ ഗുൽഷനാബാദ് മേഖലയിലുള്ള വീട്ടിൽ റാബിയ അഹ്സാനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ടെലിവിഷൻ ചാനലായ 92 ന്യൂസിൽ അവതാരകയായും പരിപാടികളുടെ ഹോസ്റ്റായും പ്രവർത്തിച്ചുവരികയായിരുന്നു 41കാരിയായ റാബിയ.
വെടിയൊച്ച കേട്ട് ബന്ധുക്കൾ മുറിയിലെത്തിയപ്പോഴാണ് റാബിയയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തോക്ക് അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞതെന്ന് വീട്ടിലെ ജോലിക്കാരൻ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തോക്കിന് സാധുവായ ലൈസൻസ് ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണവിധേയമാണ്.
പഞ്ചാബ് ഫോറൻസിക് സയൻസ് ഏജൻസിയുടെ സംഘം വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ പാകിസ്ഥാൻ പ്രഥമ വനിത ആസിഫ ഭൂട്ടോ സർദാരി ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
റാവൽപിണ്ടിയിൽ തന്നെ കഴിഞ്ഞ ഓഗസ്റ്റിൽ ഡിജിറ്റൽ മീഡിയ രംഗത്ത് പ്രവർത്തിച്ചിരുന്ന ഹിന ജാവേദ് കൊല്ലപ്പെട്ട സംഭവവും പ്രഥമ വനിത ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് സ്വന്തം വീടുകളിൽ പോലും ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.