നവംബർ 12ന് സംസ്ഥാനത്ത് ഓട്ടോ–ടാക്സി പണിമുടക്ക്; പ്രഖ്യാപനവുമായി സംയുക്ത തൊഴിലാളി യൂണിയൻ

തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ. ഇന്ന് (നവംബർ 11)​ അർദ്ധരാത്രി ആരംഭിക്കുന്ന പണിമുടക്ക് നാളെ (നവംബർ 12)​ അ‌‌ർദ്ധരാത്രി വരെ തുടരും. നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരത്തിനിറങ്ങുന്നത്.

ഇന്ധനവില വർദ്ധനവും ഇൻഷുറൻസ് പ്രീമിയത്തിലെ വൻ തുകയുമടക്കം ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഓട്ടോ–ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. കഴിഞ്ഞ നാലര വർഷത്തിനിടെ 16 തവണയാണ് ഇന്ധനവില വർദ്ധിച്ചതെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടി. നിലവിലെ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് തൊഴിലാളികൾ നേരിടുന്നതെന്നും യൂണിയൻ വ്യക്തമാക്കി.

നിരക്ക് വർദ്ധന ആവശ്യപ്പെട്ട് 2026 ഫെബ്രുവരിയിൽ അന്നത്തെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് കത്ത് നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ ചർച്ച നടത്താൻ പോലും മന്ത്രി തയ്യാറായിട്ടില്ലെന്നാണ് തൊഴിലാളി യൂണിയന്റെ ആരോപണം. നേരത്തെയും സെക്രട്ടേറിയറ്റിന് മുന്നിൽ ഉൾപ്പെടെ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓട്ടോ ടാക്സികളുടെ മിനിമം നിരക്ക് 50 രൂപയാണെന്നും കേരളത്തിലും സമാനമായ നിരക്ക് വർദ്ധന നടപ്പാക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. നവംബർ 12ലെ പണിമുടക്ക് സൂചനാ സമരമാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും യൂണിയൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *