തിരുവനന്തപുരം: വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിലോടെ മന്ത്രിസഭയ്ക്കുള്ളിലെ അസ്വാരസ്യം മറനീക്കി. കരാർ അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയെന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ വാദത്തെ തള്ളിയ വി.ഡി.സതീശൻ, തന്നെ സമ്മർദ്ദത്തിലാക്കി കരാറിൽ ഒപ്പിടീക്കാനായിരുന്നു നീക്കമെന്നാണ് തുറന്നടിച്ചത്. ഇപ്പോൾ തന്നെ ചെയ്യണം എന്നുപറഞ്ഞ് ഫയലയച്ചാൽ ഒപ്പുവയ്ക്കാനിരിക്കുന്ന ആളല്ല താനെന്നും വാർത്താസമ്മേളനത്തിൽ നിലപാടറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിലിനു ശേഷവും മുൻനിലപാടിലാണ് സണ്ണിജോസഫ്. നേരത്തെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ ഇല്ലെന്ന് പറയുന്നത് കരാർ വേണ്ടെന്ന് വയ്ക്കാനാണെന്നും തിരിച്ചടിച്ചു. തന്നെ അവഗണിച്ച് പവർ സെക്രട്ടറിയും കെ.എസ്.ഇ.ബി ചെയർമാനും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിച്ചതിലെ പ്രതിഷേധമാണ് മന്ത്രിക്ക്. അതിനിടെ കെ.എസ്.ഇ.ബി ചെയർമാൻ എൻ.പ്രശാന്ത് സണ്ണി ജോസഫിനെ കണ്ട് ചർച്ച നടത്തി.
കളക്ടർമാരുടെ സ്ഥാനചലനം മുതൽ ആസൂത്രണപദ്ധതികളിൽ വരെ മന്ത്രിമാരുടെ അതൃപ്തി. ബോർഡ്, കോർപ്പറേഷൻ പങ്കുവയ്ക്കലിലെ അനിശ്ചിതത്വം. തന്നെ അവഗണിക്കുന്നെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ ആവർത്തിച്ചുള്ള ആരോപണം. അസ്വാരസ്യങ്ങൾ പലതും തലപൊക്കിയതിനിടെയാണ് വൈദ്യുതിവിവാദവും കത്തിപ്പടർന്നത്. കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ നിന്ന് വാങ്ങാതെ സ്വകാര്യകമ്പനിയായ ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതെന്തിനെന്ന് വിമർശനമുയർന്നു. ഒടുവിൽ കെ.എസ്.ഇ.ബിയിൽ പുതിയ ടീം വന്നപ്പോൾ പ്രതിസന്ധി ഉടനില്ലെന്ന് റിപ്പോർട്ട്. ഇതെല്ലാം സമ്മർദ്ദമല്ലെങ്കിൽ പിന്നെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഹ്രസ്വകാല കരാർ ഹരമാക്കിയാണ് ഇടതു സർക്കാർ ഭരിച്ചത്. അതാണ് പ്രതിസന്ധിക്ക് കാരണം. സോളാർ ഒഴിവാക്കിയാൽ പത്തുവർഷം കൊണ്ട് കേവലം 300മെഗാവാട്ടാണ് പുതുതായി ഉത്പാദിപ്പിച്ചത്. ജനുവരി മുതൽ പ്രതിസന്ധിയുണ്ടാകാം. അത് മറികടക്കാൻ ശ്രമം തുടങ്ങി. എൻ.ടി.പി.സിയുടെ സിന്നാർ പ്ളാന്റിൽ നിന്ന് മാർച്ച് മുതൽ 340മെഗാവാട്ട് വൈദ്യുതി 5.18 രൂപ നിരക്കിൽ നൽകും. അത് 640ലേക്ക് വർദ്ധിപ്പിച്ച് ജനുവരി മുതൽ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ദീർഘകാല കരാർ ഒപ്പിടാനും ശ്രമിക്കുന്നുണ്ട്.