ദുബായ്: യുഎഇയിലെ ഫുജൈറയിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 14 ആയി. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബൻ സായിദ് സ്ട്രീറ്റിലായിരുന്നു അപകടമുണ്ടായത്. 30ഓളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. മരിച്ചവരിൽ മൂന്നുപേർ മലയാളികളാണ്.
നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മറ്റൊരു വാഹനത്തിലിടിച്ചശേഷം മറിയുകയും ഗതാഗതക്കുരുക്കിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്കിന് തീപിടിച്ചു. പിന്നാലെ തീ സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്കും പടർന്നു. ഇതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. യു.എ.ഇ ആഭ്യന്തര മന്ത്രാലയമാണ് അപകടത്തിൽ 14 പേർ മരിച്ചതായും 30 പേർക്ക് പരിക്കേറ്റതായും അറിയിച്ചത്.
പരിക്കേറ്റവരിൽ പകുതിയോളം പേരെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. ഗുരുതരമായി പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. മരിച്ചവരെ തിരിച്ചറിയുന്നതിനായി അധികൃതർ ഡി.എൻ.എ പരിശോധന നടത്തിവരികയാണ്. മരിച്ചവരിൽ മലയാളികൾക്ക് പുറമേ മറ്റ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശികളായ മുഹമ്മദ് അസ്മിൽ (21), മുസ്ന ജുബിൻ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.