മുംബൈ: സമൃദ്ധി എക്സ്പ്രസ് വേയിലെ ഉത്സവകാല തിരക്കിനിടെ മ്ഹരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ് വേയിൽ തഡെഗാവിന് സമീപം 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മുംബൈയിലേക്കുള്ള പാതയിലായിരുന്നു അപകടം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
തഡെഗാവിന് സമീപം ചാനൽ നമ്പർ 322-ന് അടുത്ത് ഒരു സിമന്റ് ലോറി മറിഞ്ഞതിനെത്തുടർന്ന് മുംബൈയിലേക്കുള്ള പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മറിഞ്ഞ ലോറി നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ, പിന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് അമിതവേഗതയിലെത്തിയ കണ്ടെയ്നർ ലോറി ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആഘാതത്തിൽ 18 കാറുകളും ഒരു പോലീസ് വാഹനവും ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചു.
വിവരമറിഞ്ഞയുടൻ എക്സ്പ്രസ് വേയിൽ വിന്യസിച്ചിരുന്ന ആംബുലൻസുകളും മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരും സിന്ദ്ഖേഡ് രാജ, കിംഗാവ് രാജ എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘങ്ങളും സ്ഥലത്തെത്തി. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരെയും ജൽനയിലെ ആശുപത്രികളിലേക്ക് മാറ്റി. ചില യാത്രക്കാർക്ക് അപകടസ്ഥലത്തുവെച്ച് തന്നെ ആംബുലൻസുകളിൽ പ്രാഥമിക ചികിത്സ നൽകി. പത്തുമുതൽ പന്ത്രണ്ട് വരെ യാത്രക്കാരെ തുടർചികിത്സയ്ക്കായി ജൽനയിലേക്ക് മാറ്റിയിട്ടുണ്ട്.
ദീപാവലി അവധി കഴിഞ്ഞുള്ള യാത്രക്കാരുടെ വലിയ തിരക്കിനിടയിലാണ് സമൃദ്ധി എക്സ്പ്രസ് വേയിൽ ഈ അപകടമുണ്ടായത്. ഉത്സവത്തിന് മുൻപ് നാഗ്പൂർ ഭാഗത്തേക്കുള്ള പാതയിലായിരുന്നു വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാൽ, ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയവർ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാൻ തുടങ്ങിയതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈയിലേക്കുള്ള പാതയിൽ വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്.