ന്യൂഡൽഹി: പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള യുവതിയുടെ ഹണിട്രാപിൽ കുടുങ്ങി ഇന്ത്യൻ വ്യോമസേനാ കമാൻഡർ. രാജ്യത്തെസംബന്ധിക്കുന്ന അതീവ രഹസ്യമായ സൈനിക വിവരങ്ങൾ ഉദ്യോഗസ്ഥൻ യുവതിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. രഹസ്യ യുദ്ധപദ്ധതികൾ, ഡ്രോണുകളുടെ ശേഷി, യുദ്ധവിമാനങ്ങളുടെ നീക്കങ്ങൾ, സൈനിക വിവരങ്ങൾ എന്നിവ യുവതിയുമായി പങ്കിട്ടിട്ടുണ്ടെന്നാണ് വ്യോമസേന ഉദ്യോഗസ്ഥനെതിരെ ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
ഓൺലൈനിൽ നടത്തിയ ആശയവിനിമയത്തിലൂടെ ഉദ്യോഗസ്ഥനെ ചാരശൃംഖലയിൽ കുടുക്കിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2026 ജനുവരി 12 മുതൽ ഏപ്രിൽ ഒന്നുവരെ വാട്സ്ആപ്പിലൂടെയാണ് ഉദ്യോഗസ്ഥൻ പാകിസ്ഥാൻ ചാര യുവതിയുമായി ആശയവിനിമയം നടത്തിയത്. 3,008 ടെക്സ്റ്റ് മെസേജുകൾ, 65 ചിത്രങ്ങൾ, 65 റിയാക്ഷനുകൾ, 42 വോയ്സ് കോളുകൾ, നാല് വീഡിയോ കോളുകൾ, ആറ് വെബ്ലിങ്കുകൾ എന്നിവ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ലൈംഗികത നിറഞ്ഞ ആശയവിനിമയത്തിലൂടെയാണ് രഹസ്യരേഖകൾ യുവതിക്ക് കൈമാറിയതെന്ന ആരോപണവും കുറ്റപത്രത്തിലുണ്ട്. യുവതിയുടെ അശ്ലീലചിത്രങ്ങൾ ലഭിച്ചതിനുപിന്നാലെ 'സീക്രട്ട് വാർ പ്ലാൻ' എന്ന് രേഖപ്പെടുത്തിയിരുന്ന ഒരു യുദ്ധപദ്ധതിയുടെ പേജ് അയച്ചുനൽകിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ ചിത്രങ്ങൾ നൽകിയാൽ യുദ്ധപദ്ധതിയുടെ മറ്റ് പേജുകൾകൂടി കൈമാറാമെന്ന് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്തതായും പൊലീസ് വ്യക്തമാക്കുന്നു. ഓരോ ചിത്രത്തിനും പകരമായി ഓരോ പേജ് വീതം അയച്ചുനൽകാമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാഗ്ദാനം.
രഹസ്യ യുദ്ധരേഖകൾക്ക് പുറമെ ഡ്രോൺ വിഭാഗവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും ഉദ്യോഗസ്ഥൻ കൈമാറിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. യൂണിറ്റിന്റെ അംഗബലം, സംഘടനാ ഘടന, പ്രവർത്തനശേഷി, ഡ്രോൺ പരീക്ഷണങ്ങൾ, പറക്കുന്നതിന്റെ ദൈർഘ്യം തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യുദ്ധസാഹചര്യങ്ങളുണ്ടായാൽ സൈനിക വിന്യാസത്തിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെ പങ്കിട്ടിട്ടുണ്ട്.
ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് കൂടുതൽ പ്രവേശനം നേടുന്നതിനായി ചില പാക് മാൽവെയർ ആപ്ലിക്കേഷനുകൾ അയച്ചുനൽകിയതായും കുറ്റപത്രത്തിലുണ്ട്. ഔദ്യോഗിക ആശയവിനിമയങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്താൻ ഇത്തരം സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മറ്റ് ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളിലേക്കും ഈ മാൽവെയർ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
വ്യോമസേനാ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2026 മേയ് 30നാണ് ഡൽഹി പൊലീസ്, ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രഹസ്യനിയമം പ്രകാരമായിരുന്നു നടപടി. പിന്നീട് ഇയാളെ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. ഇന്ത്യൻ പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് സോഷ്യൽമീഡിയയും ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ച് ചാരശൃംഖല പ്രവർത്തിക്കുന്നുണ്ടോയെന്ന ആശങ്കയും സംഭവത്തിന് പിന്നാലെ ഉയർന്നിട്ടുണ്ട്.