തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് പിഴയുണ്ടെന്നും പണമടയ്ക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ട് മൊബൈൽ ഫോണുകളിലേക്ക് വ്യാജ സന്ദേശങ്ങൾ. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ എസ്എംഎസ് അയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. വാഹനങ്ങളുടെ യഥാർഥ രജിസ്ട്രേഷൻ നമ്പറുകൾ ഉൾപ്പെടുത്തിയാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ അയയ്ക്കുന്നത്.
മാപ്പുകൾ കാണുക
ട്രാഫിക് നിയമലംഘനം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പിഴ അടയ്ക്കാൻ സന്ദേശത്തോടൊപ്പമുള്ള ലിങ്ക് ഉപയോഗിക്കണമെന്നുമാണ് അറിയിക്കുന്നത്. സന്ദേശത്തിലെ റഫറൻസ് നമ്പറും ചുരുക്കിയ വെബ് ലിങ്കും തട്ടിപ്പിന്റെ ഭാഗമാണ്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പേജിലേക്കാണ് ഉപയോക്താക്കൾ എത്തുന്നത്.
തുടർന്ന് പിഴയടയ്ക്കുന്നതിനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, സിവിവി, ഒടിപി എന്നിവ നൽകാൻ ആവശ്യപ്പെടും. ഈ വിവരങ്ങൾ കൈക്കലാക്കി ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടുകയാണ് ലക്ഷ്യം.
അപരിചിതമായ എസ്എംഎസുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പിഴ അടയ്ക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വാഹനങ്ങൾക്ക് യഥാർഥത്തിൽ പിഴയുണ്ടോയെന്ന് ഔദ്യോഗിക പരിവാഹൻ അല്ലെങ്കിൽ ഇ-ചെലാൻ വെബ്സൈറ്റുകൾ വഴി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം. ബാങ്ക് വിവരങ്ങളോ ഒടിപിയോ കാർഡ് വിവരങ്ങളോ ആരുമായും പങ്കുവയ്ക്കരുത്. വ്യാജമെന്ന് സംശയിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകൾ തുറക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടണം. https://cybercrime.gov.in എന്ന ഔദ്യോഗിക സൈബർ ക്രൈം പോർട്ടൽ വഴിയും പരാതി നൽകാം. പണം നഷ്ടപ്പെട്ടാൽ വൈകാതെ പരാതി നൽകുന്നത് തുക തിരിച്ചുപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.