ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ തനിഷ്ക് ജ്വല്ലറിയിൽ നിന്ന് 20 കിലോ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മുഖ്യപ്രതിയുടെ പിതാവും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും അറസ്റ്റിൽ. മുഖ്യപ്രതി നിശാന്തിന്റെ പിതാവ് സുരേഷ്, ഇൻഫ്ലുവൻസർ മീനാക്ഷി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിലെ പ്രധാന പ്രതിയായ നിശാന്തിനായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ബൈക്ക് ടാക്സി ഡ്രൈവറും യൂട്യൂബറുമാണ് നിശാന്ത്.
മോഷണത്തിന് മുൻപ് ഉപഭോക്താവെന്ന വ്യാജേന നിശാന്ത് മൂന്ന് തവണ ജ്വല്ലറിയിലെത്തിയതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഓരോ തവണയും വ്യത്യസ്ത ഷർട്ടുകളാണ് ധരിച്ചിരുന്നതെങ്കിലും മൂന്നുതവണയും ഒരേ തൊപ്പി ഉപയോഗിച്ചതും അന്വേഷണത്തിൽ വ്യക്തമായി. നവംബർ അഞ്ചിന് പുലർച്ചെ ഇയാൾ ജ്വല്ലറിയിലെത്തിയത് മോഷണത്തിന് മുന്നോടിയായുള്ള പരിശോധനയായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിശാന്തിന്റെ വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും മോഷണം പോയ സ്വർണം കണ്ടെത്താനായിട്ടില്ല.
മധുരയിലെ പാലങ്കാനത്തം ബൈപ്പാസ് റോഡിലുള്ള പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്ക് ഷോറൂമിൽ നിന്നാണ് 20 കിലോ സ്വർണാഭരണങ്ങൾ കവർന്നത്. കെട്ടിടത്തിൽ വയറിങ് ഉൾപ്പെടെയുള്ള നിർമ്മാണപ്രവൃത്തികൾ നടന്നുവരുന്നതിനിടെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ലിഫ്റ്റിന്റെ ഭാഗത്തുകൂടി ഷോറൂമിനുള്ളിൽ കടന്നതാകാമെന്നാണ് പൊലീസിന്റെ സംശയം. ഡിസ്പ്ലേ വിഭാഗത്തിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ലോക്കറുകളിലുണ്ടായിരുന്ന ആഭരണങ്ങൾ സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഷോറൂം പ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും നിർമ്മാണപ്രവൃത്തികൾ തുടരുന്നുണ്ട്. പുറത്ത് സുരക്ഷാ ജീവനക്കാരുണ്ടായിരുന്നിട്ടും മോഷ്ടാവ് എങ്ങനെ അകത്തുകടന്നുവെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.