‘അന്നദാനം നടക്കുന്ന സ്ഥലത്തുപോയി എലിയെ കൊണ്ടിട്ടാൽ എന്ത് ചെയ്യും?’, ശബരിമലയിൽ സൂക്ഷ്‌മ നിരീക്ഷണത്തിന് നിർദേശം

പത്തനംതിട്ട: ശബരിമലയിലെ എല്ലാ രംഗത്തും സൂക്ഷ്‌മ നിരീക്ഷണം നടത്തണമെന്ന് പൊലീസുകാർ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി ദേവസ്വം മന്ത്രി കെ മുരളീധരൻ. പത്തനംതിട്ടയിൽ അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ അന്നദാന ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എല്ലാ കാര്യങ്ങളും മോണി​റ്റർ ചെയ്യുന്നുണ്ട്. എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടെങ്കിൽ മണ്ഡലകാലം വളരെ ഭംഗിയായി നടത്താൻ നമുക്ക് കഴിയും. ഭക്ഷണത്തിൽപ്പോലും മായം ചേർക്കാൻ തയ്യാറാകുന്ന ചില ശക്തികളുണ്ട്. അന്നദാനം നടക്കുന്ന സ്ഥലത്ത് പോയി വല്ല എലിയെയും കൊണ്ടിട്ടാൽ എന്ത് ചെയ്യും? അതൊക്കെ പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. ചെറുതായി സംഭവിക്കാനിടയുള്ള പാളിച്ചകൾപോലും സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ സർക്കാർ സ്വീകരിച്ചിട്ടുണ്ട്' – കെ മുരളീധരൻ പറഞ്ഞു.

അതേസമയം, ശബരിമല മണ്ഡല – മകരവിളക്ക്കാല മഹോത്സവത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പർക്ക വകുപ്പ് സന്നിധാനത്ത് ആരംഭിച്ച മീഡിയ സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. മണ്ഡലകാലത്ത് വാർത്തകളുടെയും മാദ്ധ്യമങ്ങളുടെയും ഏകോപനവും നിർവഹിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം മീഡിയ സെന്ററിൽ ലഭ്യമാണ്. ശബരിമല എഡിഎം ദിലീപ് കെ കൈനക്കര, പിആർഡി ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *