ന്യൂയോർക്ക്: 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള യുഎസ് രാഷ്ട്രീയ നേതാക്കളെ വധിക്കാൻ നടത്തിയ പരാജയപ്പെട്ട ഗൂഢാലോചനയിൽ പങ്കാളിയായ പാകിസ്ഥാൻ പൗരന് 330 മാസത്തെ (27.5 വർഷം) തടവുശിക്ഷ ലഭിച്ചു. ട്രംപ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ, യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി എന്നിവരായിരുന്നു ലക്ഷ്യമിട്ടിരുന്ന പ്രമുഖർ.
ചൊവ്വാഴ്ച ന്യൂയോർക്കിലെ ബ്രൂക്ലിനിൽ വെച്ച് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി എറിക് കോമിറ്റിയാണ് 48-കാരനായ ആസിഫ് മർച്ചന്റിന് 330 മാസത്തെ തടവുശിക്ഷ വിധിച്ചത്. രാജ്യാതിർത്തികൾ കടന്നുള്ള ഭീകരപ്രവർത്തനത്തിന് ശ്രമിച്ചതിനും വാടകക്കൊലപാതകത്തിനും മാർച്ചിൽ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ രാഷ്ട്രീയക്കാരെ വധിക്കാൻ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി 2024 ഏപ്രിലിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മർച്ചന്റിനെ രാജ്യത്തേക്ക് അയച്ചതാണെന്ന് യുഎസ് പ്രോസിക്യൂട്ടർമാർ ആരോപിച്ചു. ട്രംപ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ, യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി എന്നിവരായിരുന്നു ലക്ഷ്യമിട്ടിരുന്നവർ.
2020-ൽ തങ്ങളുടെ ഉന്നത സൈനിക കമാൻഡറായ ഖാസിം സുലൈമാനിയെ വധിച്ച യുഎസ് വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യാനുള്ള ഇറാന്റെ ശ്രമമായിരുന്നു ഇത്. ഇറാഖിലൂടെ സഞ്ചരിക്കുകയായിരുന്ന സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടത് താനാണെന്ന് ട്രംപ് പരസ്യമായി സമ്മതിച്ചിരുന്നു.
കൊലപാതക ലക്ഷ്യവുമായി എത്തിയ മർച്ചന്റ് പക്ഷേ ഒരു എഫ്ബിഐ വിവരദാതാവുമായാണ് ബന്ധപ്പെടുന്നത്. ഇയാൾ വിവരം എഫ്ബിഐയെ അറിയിക്കുകയും വാടക കൊലയാളികളെന്ന് തെറ്റിദ്ധരിപ്പിച്ച് മർച്ചന്റിനെ പരിചയപ്പെട്ട ഏജന്റുമാർ വിശ്വാസം പിടിച്ചുപറ്റാനായി കൊലപാതകത്തിനുള്ള പ്രാരംഭ തുകയായ 5000 ഡോളർ കൈപ്പറ്റുകയും ചെയ്തിരുന്നു.
2024 ജൂലൈ 12-ന് രാജ്യം വിടാനുള്ള വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് മർച്ചന്റ് അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ട്രംപിന് നേരെ മറ്റൊരു വധശ്രമം നടന്നിരുന്നു. ഇറാനിലുള്ള തന്റെ കുടുംബത്തെ സംരക്ഷിക്കാനാണ് താൻ ഈ ഗൂഢാലോചനയിൽ പങ്കാളിയായതെന്ന് മർച്ചന്റ് വിചാരണയ്ക്കിടെ വാദിച്ചു. തന്റെ ബന്ധുക്കളുടെ വിവരങ്ങളും താമസസ്ഥലവും ഇറാനിയൻ ഉദ്യോഗസ്ഥന് അറിയാമായിരുന്നുവെന്ന് സൂചിപ്പിച്ചതായും ഇയാൾ കോടതിയെ അറിയിച്ചു.