പത്തനംതിട്ട: വീട്ടുമുറ്റത്തുവച്ച് കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി ചികിത്സ തേടി 75കാരൻ. അടൂരിലാണ് സംഭവം. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് പതിനാലാം മൈലുള്ള 75കാരൻ മൂർഖൻ പാമ്പിനെ കുപ്പിയിലാക്കി പാമ്പുകടിയ്‌ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിച്ചത്. വീട്ടിൽവച്ച് അലക്കുകല്ലിന് സമീപത്തെ തുണികൾക്കിടയിൽ നിന്നുമാണ് ഇദ്ദേഹത്തിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ചൂണ്ടുവിരലിലാണ് പാമ്പ് കടിച്ചത്.
കടിച്ച പാമ്പിനെ ഉടൻ കുപ്പിയിലാക്കിയ ശേഷം ഇദ്ദേഹം അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ചികിത്സതേടി. ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി ഡോക്‌ടർ ബെൻജു ഷാജി വർഗീസ്, കൺസൾട്ടന്റ് ഇന്റൻസിവിസ്റ്റ് ഡോ.എഫ് ജമീൽ എന്നിവർ വൃദ്ധന് വേണ്ട ചികിത്സ നൽകി. കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിവരം. അപകടനില തരണംചെയ്‌തു.