ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) അക്കൗണ്ടുകളില്‍ നിര്‍ബന്ധമായും നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ് 25 ശതമാനത്തില്‍നിന്ന് 10 ശതമാനമായി കുറയ്‌ക്കാനുള്ള നിര്‍ദേശത്തിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) അംഗീകാരം.
ഔദ്യോഗികവിജ്‌ഞാപനം പുറപ്പെടുവിക്കുന്നതോടെ സിസ്‌റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ (എസ്.ഡബ്ല്യു.പി) എന്ന പേരിലുള്ള പരിഷ്‌കരണം നിലവില്‍വരും. ജീവനക്കാര്‍ക്കു വിരമിക്കല്‍ സമ്പാദ്യം കൂടുതല്‍ എളുപ്പത്തില്‍ വിനിയോഗിക്കാന്‍ പുതിയ തീരുമാനം സഹായകമാകും.
വിരമിക്കുന്ന ജീവനക്കാര്‍ക്ക് പി.എഫ്. സമ്പാദ്യം ഒറ്റയടിക്ക് പിന്‍വലിക്കുന്നതിനു പകരം, തവണകളായി പിന്‍വലിക്കാം. ബാക്കി പണം ഇ.പി.എഫ്. നിക്ഷേപമായി നിലനിര്‍ത്താം. ഇതിന് നിലവിലുള്ള ഇ.പി.എഫ്. നിരക്കില്‍ പലിശ ലഭിക്കുന്നത് തുടരും. 55 വയസിന് മുകളിലുള്ളവരും, പി.എഫ്. അക്കൗണ്ടില്‍ അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ളവരുമായ ഏകദേശം 6.32 ലക്ഷം പേര്‍ക്ക് ഇത് പ്രയോജനപ്പെടും.
പുതിയ സൗകര്യപ്രകാരം, മുഴുവന്‍ തുകയും പിന്‍വലിക്കുന്നതിനു പകരം, അംഗങ്ങള്‍ക്ക് അവരുടെ പി.എഫ്. തുക നിശ്‌ചിത ഇടവേളകളിലെ പേയ്‌മെന്റുകളായി കൈപ്പറ്റാം. ബാക്കി തുക നിക്ഷേപമായി തുടരുകയും പലിശ ലഭിക്കുകയും ചെയ്യും.
നിലവിലുള്ള നിയമപ്രകാരം, ഇ.പി.എഫ്.ഒ. അംഗങ്ങള്‍ ഭാഗികമായി പണം പിന്‍വലിക്കുമ്പോള്‍ അര്‍ഹമായ പി.എഫ്. ബാലന്‍സിന്റെ 25 ശതമാനമെങ്കിലും അക്കൗണ്ടില്‍ നിലനിര്‍ത്തണം. പുതിയ തീരുമാനപ്രകാരം, വ്യവസ്‌ഥകള്‍ക്കു വിധേയമായി സമ്പാദ്യത്തിന്റെ 90% വരെ പിന്‍വലിക്കാന്‍ കഴിയും. നേരത്തേ ഇത് 75 ശതമാനമായിരുന്നു. കേന്ദ്രതൊഴില്‍മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇ.പി.എഫ്.ഒ. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്‌റ്റീസ് (സി.ബി.ടി) യോഗത്തിലാണ് തീരുമാനം. പ്രാരംഭഘട്ടത്തില്‍ സ്‌റ്റാറ്റ്യൂട്ടറി ഇ.പി.എഫ്. ചട്ടക്കൂടിനു കീഴിലുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സംപ്‌റ്റഡ് ട്രസ്‌റ്റുകള്‍ പി.എഫ്. കൈകാര്യം ചെയ്യുന്ന ജീവനക്കാരെ നിലവില്‍ ഉള്‍പ്പെടുത്തിയേക്കില്ല.
കഴിഞ്ഞ സെപ്‌റ്റംബര്‍ 16-ന്, ഇ.പി.എഫ്.ഒ. ശമ്പളപരിധി പ്രതിമാസം 15,000 രൂപയില്‍നിന്ന് 25,000 രൂപയായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിലൂടെ 50 ലക്ഷം മുതല്‍ ഒരുകോടി വരെ തൊഴിലാളികള്‍ ഇ.പി.എഫ്.ഒ. പരിരക്ഷയ്‌ക്കു കീഴില്‍ വരുമെന്ന് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്‌തമാക്കി.
ജീവനക്കാര്‍ക്ക് പ്രയോജനമെന്ത്?
അംഗങ്ങള്‍ക്ക് ഈ പിന്‍വലിക്കല്‍ പദ്ധതി നിര്‍ത്തലാക്കാനും ബാക്കി തുക പൂര്‍ണമായി ക്ലെയിം ചെയ്യാനും സാധിക്കുന്ന രീതിയിലാണ് നിര്‍ദിഷ്‌ട ക്രമീകരണം. പണം തവണകളായി പിന്‍വലിക്കുന്ന കാലയളവില്‍ വരിക്കാരന്‍ മരിച്ചാല്‍, നോമിനിക്കോ ആശ്രിതര്‍ക്കോ ബാക്കി തുക ഒറ്റയടിക്ക് പിന്‍വലിക്കാനോ തവണകളായി കൈപ്പറ്റാനോ സൗകര്യമുണ്ടാകും. പണം പിന്‍വലിക്കാവുന്ന ഇടവേളകള്‍, മിനിമം ബാലന്‍സ് നിബന്ധന, ഈ സൗകര്യം തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെ വിശദമായ നിയമങ്ങള്‍ ഇതുവരെ വിജ്‌ഞാപനം ചെയ്‌തിട്ടില്ല.
വിരമിച്ചശേഷം പി.എഫ്. സമ്പാദ്യം മറ്റെവിടെ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനമെടുക്കേണ്ടിവരില്ല എന്നതാണ് പുതിയ പദ്ധതികൊണ്ടുള്ള നേട്ടം. വിരമിക്കല്‍ സമ്പാദ്യം മുഴുവനായി ബാങ്ക് നിക്ഷേപങ്ങളിലേക്കോ മറ്റ് നിക്ഷേപപദ്ധതികളിലേക്കോ മാറ്റാതെതന്നെ പ്രതിമാസച്ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ വിരമിച്ചവര്‍ക്കു കഴിയും. പി.എഫ്. തുക ഒറ്റയടിക്കു ചെലവഴിക്കുന്നതും സ്വന്തം സാമ്പത്തികാവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത പദ്ധതികളില്‍ നിക്ഷേപിക്കുന്നതും ഒഴിവാക്കാം.
2025-26 വര്‍ഷത്തേക്ക് 8.25% പലിശനിരക്കാണ് സി.ബി.ടി. ശിപാര്‍ശ ചെയ്‌തിട്ടുള്ളത്. പുതിയ സൗകര്യം തെരഞ്ഞെടുക്കുന്നവര്‍ക്ക് ബാക്കി തുകയ്‌ക്ക് ലഭിക്കുന്ന പലിശ പ്രധാനഘടകമാണ്. യഥാര്‍ത്ഥ വരുമാനം അതത് സമയത്തെ ഇ.പി.എഫ്. പലിശനിരക്കിനെയും കാലക്രമേണ പിന്‍വലിക്കുന്ന തുകയേയും ആശ്രയിച്ചിരിക്കും.
വിരമിക്കുന്നതിനു മുമ്പും പി.എഫ്. പിന്‍വലിക്കുന്നത് എളുപ്പമാക്കിക്കൊണ്ട്, ഭാഗികപിന്‍വലിക്കല്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ക്കൊപ്പമാണ് എസ്.ഡബ്ല്യു.പിക്കും അംഗീകാരം നല്‍കിയത്. തൊഴിലില്ലായ്‌മയുമായി ബന്ധപ്പെട്ട ചില പിന്‍വലിക്കലുകള്‍ക്കുള്ള കാത്തിരിപ്പ് കാലയളവും കുറച്ചിട്ടുണ്ട്. ഇതുപ്രകാരം, 12 മാസം കാത്തിരിക്കുന്നതിനു പകരം രണ്ടുമാസത്തിനുശേഷം പി.എഫ്. സമ്പാദ്യം പിന്‍വലിക്കാം.
ചികിത്സ, വിദ്യാഭ്യാസം, വിവാഹം, ഭവനച്ചെലവുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ പരിഷ്‌കരിച്ച ചട്ടക്കൂട്ടിലുണ്ട്. വ്യവസ്‌ഥകള്‍ക്ക് വിധേയമായി, വീട് വാങ്ങാനും നിര്‍മിക്കാനും പുതുക്കിപ്പണിയാനും ഭവനവായ്‌പ തിരിച്ചടയ്‌ക്കാനും തുക പിന്‍വലിക്കാം.