‘അക്വാന്‍’ ഇന്ന്‌ കരതൊടും; ആന്ധ്രയിലും ഒഡീഷയിലും അതീവജാഗ്രത

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അക്വാന്‍' ചുഴലിക്കാറ്റ്‌ ഇന്ന്‌ കരതൊടും. ഒഡീഷയിലും ആന്ധ്രാപ്രദേശിലും അതീവ ജാഗ്രത. ഒഡീഷയില്‍ ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ആന്ധ്രയില്‍ മൂന്നു ജില്ലകളില്‍ റെഡ്‌ അലെര്‍ട്ട്‌.

നിലവില്‍ പടിഞ്ഞാറന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലാണ്‌ അക്വാന്‍ സ്‌ഥിതിചെയ്യുന്നത്‌. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തില്‍ വടക്കോട്ടാണ്‌ ചുഴലിക്കാറ്റിന്റെ സഞ്ചാരം. ഇത്‌ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ ഇന്ന്‌ ഉച്ചയോടെ വടക്കന്‍ ആന്ധ്രാപ്രദേശ്‌-യാനം, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്കിടയില്‍ നര്‍സാപൂരിനും പുരിക്കും ഇടയില്‍ ചുഴലിക്കാറ്റ്‌ കരതൊടുമെന്നാണു പ്രതീക്ഷ.

മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്‌ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും അതീവജാഗ്രത പുലര്‍ത്തണമെന്നുമാണ്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ചിലപ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആയേക്കാമെന്നും മുന്നറിയിപ്പിലുണ്ട്‌.

അക്വാന്റെ പശ്‌ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്‌തമാക്കിയതായി ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. 9299 ക്യാമ്പുകള്‍ സജ്‌ജീകരിക്കുകയും ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്‌തു. 305 ദ്രുത പ്രതികരണ സംഘങ്ങളെ വിന്യസിച്ചു. ശനിയാഴ്‌ച വരെ ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചതായി ഒഡീഷ ചീഫ്‌ സെക്രട്ടറി അനു ഗാര്‍ഗ്‌ അറിയിച്ചു. ഗഞ്ചം, ഗജപതി, പുരി, ജഗത്സിംഗ്‌പുര്‍, കേന്ദ്രപാറ, കാണ്ഡമാല്‍ ജില്ലകളിലാണ്‌ അതീവജാഗ്രത പുലര്‍ത്തുന്നത്‌.

തീരദേശ, തെക്കന്‍ ജില്ലകളില്‍ കനത്ത മഴ പെയ്യുന്നുണ്ട്‌. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിശാഖപട്ടണത്തിനും കോരാപുട്ടിനും ഇടയില്‍ സര്‍വീസ്‌ നടത്തുന്ന രണ്ടു ട്രെയിനുകള്‍ ഇന്ന്‌ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

ആന്ധ്രാപ്രദേശിലും അതീവജാഗ്രതയാണ്‌ പുലര്‍ത്തുന്നത്‌. ചുഴലിക്കാറ്റും കനത്ത മഴയും കണക്കിലെടുത്ത്‌ മൂന്നു ജില്ലകളില്‍ റെഡ്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു.

തെലങ്കാന, ഛത്തീസ്‌ഗഡ്‌, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്‌. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ഇവിടങ്ങളില്‍ എന്‍.ഡി.ആര്‍.എഫ്‌. സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *