ആലപ്പുഴ: കേരളത്തില്‍നിന്ന് ബംഗളുരു, ചെന്നൈ ഉള്‍പ്പടെയുള്ള ഇതര സംസ്ഥാന നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ അന്തര്‍സംസ്ഥാന ബസുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന പരാതി ശക്തമാകുന്നു.
ദീര്‍ഘദൂര യാത്രകളില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരെ നിയോഗിക്കാതെ ഒരാളെ മാത്രം ഉപയോഗിക്കുന്നതും മതിയായ വിശ്രമം അനുവദിക്കാതെ തുടര്‍ച്ചയായി വാഹനമോടിപ്പിക്കുന്നതും യാത്രക്കാരുടെ ജീവന് ഭീഷണിയാണ്.
രാത്രികാലങ്ങളില്‍ എട്ടുമുതല്‍ പന്ത്രണ്ടു മണിക്കൂറിലധികം നീളുന്ന യാത്രകളില്‍ ഡ്രൈവര്‍മാര്‍ക്ക് മതിയായ വിശ്രമവും ഉറക്കവും ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍, ചെലവ് ചുരുക്കാനും കൂടുതല്‍ ട്രിപ്പുകള്‍ നടത്താനുള്ള മത്സരവും മൂലം ചില സ്വകാര്യ ബസ് കമ്പനികള്‍ ജീവനക്കാര്‍ക്ക് വിശ്രമം പോലും നിഷേധിക്കുകയാണ്. ഉറക്കക്ഷീണവും ഏകാഗ്രതക്കുറവും ഡ്രൈവിങ്ങിനിടെ അപകടങ്ങള്‍ക്ക് കാരണമാകാനുള്ള സാധ്യത കൂടുതലാണ്.അടുത്തിടെ കര്‍ണാടകയില്‍ ഉണ്ടായ സ്വകാര്യ ബസ് അപകടങ്ങള്‍ ഈ ആശങ്ക വര്‍ധിപ്പിക്കുന്നു.
മാസങ്ങള്‍ക്കു മുമ്പ് കോഴിക്കോട്- ബംഗളുരു റൂട്ടിലെ സ്വകാര്യ സ്ലീപ്പര്‍ ബസ് ചന്നപട്ടണയ്ക്കു സമീപം അപകടത്തില്‍പ്പെട്ട് നാലുപേര്‍ മരണമടഞ്ഞിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നായിരുന്നു നിഗമനം. ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ സ്ലീപ്പര്‍ ബസ് പെരിയപട്ടണയ്ക്കു സമീപം ചരക്കുലോറിയുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ച സംഭവമുണ്ടായിരുന്നു. ഓഗസ്റ്റില്‍ ബിഡദിക്ക് സമീപമുണ്ടായ കെ.എസ്.ആര്.ടി.സി. ബസ് അപകടത്തിലും ഡ്രൈവറുടെ വിശ്രമസമയം സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു.
മോട്ടോര്‍ വാഹന നിയമത്തിലെയും തൊഴിലാളികളുടെ ജോലിസമയം സംബന്ധിച്ച വ്യവസ്ഥകളിലെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നാണ് ചോദ്യമുയരുന്നത്. ബസുകളുടെ പെര്‍മിറ്റും ഫിറ്റ്നസും പരിശോധിക്കുന്നതിനൊപ്പം ഡ്രൈവര്‍മാരുടെ എണ്ണം, ഡ്യൂട്ടി സമയം, വിശ്രമ ഇടവേളകള്‍ എന്നിവയും കര്‍ശനമായി നിരീക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
കേരളത്തില്‍നിന്നുള്ള അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് പ്രത്യേക പരിശോധന നടത്തണമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. കേരളത്തിലെ പ്രധാന പാതകളില്‍ സമീപകാലത്ത് അന്തര്‍സംസ്ഥാന ബസുകള്‍ ഉള്‍പ്പെട്ട നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാപ്പുകൾ കാണുക
ജി. ഹരികൃഷ്ണന്