ശ്രീകാര്യം: അഭിറാമിനെ തേങ്ങകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷമാണ് കൊലപ്പെടുത്തിയതെന്ന് ഒന്നാം പ്രതിയായ 17കാരന്റെ മൊഴി. അഭിറാമിന്റെ തലയോട്ടിയിലെ പരിക്ക് തേങ്ങ പോലുള്ള വസ്തു കൊണ്ടുള്ള ഇടിയേറ്റതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
17കാരനെ ആദ്യം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായ മൊഴികളാണ് ലഭിച്ചത്. തുടർന്ന് ജുവനൈൽ അധികൃതരുടെ സഹകരണത്തോടെ ജുവനൈൽ ഷെൽട്ടറിൽ പ്രത്യേക കൗൺസലിംഗിന് വിധേയനാക്കിയപ്പോഴാണ് കൃത്യം നടത്തിയത് എങ്ങനെയെന്ന വസ്തുത 17കാരൻ വെളിപ്പെടുത്തിയത്. സുഹൃത്തിനെ വിളിച്ചുവരുത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനൊടുവിൽ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അഭിറാമിനെ താനാണ് തേങ്ങകൊണ്ട് പിന്നിൽ നിന്ന് തലയ്ക്കടിച്ചു വീഴ്ത്തിയതെന്നാണ് മൊഴി.
അടിയേറ്റ് ബോധം പോയ അഭിറാമിനെ 17കാരനും ഉമറും ചേർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയെന്നാണ് മൊഴിയിൽ പറയുന്നത്. കേസിലെ എല്ലാ പ്രതികളെയും കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി ഒന്നിച്ചിരുത്തിയും അല്ലാതെയും നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് സുപ്രധാന തെളിവുകൾ കണ്ടെത്താനായത്.