അഭിരാം വധക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് ; തേങ്ങകൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയതെന്ന് 17 കാരന്‍ ; ബോധം കെട്ട അഭിരാമിനെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കി

തിരുവനന്തപുരം: തേങ്ങകൊണ്ട് തലയ്ക്കിടിച്ച് ബോധം കെടുത്തിയ ശേഷം പിന്നീട് തിരിച്ചുവന്ന് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി. ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിരാം കൊലക്കേസിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ കൊലപാതകത്തിനായി ഉപയോഗിച്ച് ബെല്‍റ്റും അഭിരാമിന്റെ വെള്ളിമാല അടക്കമുള്ള വസ്തുക്കള്‍ കെട്ടിത്താഴ്ത്തിയതായും പറഞ്ഞു.

കസ്റ്റഡിയിലുള്ള 17-കാരന് നല്‍കിയ കൗണ്‍സിലിങ്ങിനിടയിലാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമായത്. തേങ്ങ കൊണ്ടുള്ള ശക്തമായ അടിയേറ്റ് അഭിരാമിന്റെ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റതായും പിന്നീട് ബെല്‍റ്റ് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നും മൊഴിയില്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളിലൂടെ ബന്ധപ്പെട്ട് ആസൂത്രിതമായാണ് അഭിരാമിനെ 17-കാരന്‍ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് തേങ്ങ ഉപയോഗിച്ച് അഭിരാമിന്റെ തലയ്ക്ക് അടിച്ചത്. അടിയേറ്റ് ബോധരഹിതനായ അഭിരാമനെ അവിടെ ഉപേക്ഷിച്ച് പുറത്തുപോയ കൗമാരക്കാരന്‍, കൂട്ടാളിയായ ഉമറിനെയും കൂട്ടി സ്ഥലത്ത് തിരിച്ചെത്തി. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന അഭിരാമനെ ഉണര്‍ത്തിയ ശേഷം, ഇരുവരും ചേര്‍ന്ന് ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

കൊല നടന്ന പുരയിടത്തിന് തൊട്ടടുത്തുള്ള കിണറ്റിലാണ്് കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ മറ്റു വസ്തുക്കള്‍ കണ്ടെത്തിയത്. ഇതില്‍ അഭിരാമിന്റെ ഷര്‍ട്ട്, മൊബൈല്‍ ഫോണ്‍, വെള്ളിമാല, കൊലയ്ക്ക് ഉപയോഗിച്ച ബെല്‍റ്റ് എന്നിവ ഉണ്ടായിരുന്നു. കേസിലെ രണ്ടാം പ്രതി ഉമറിനെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍ നടത്തിയത്.

കൗമാരക്കാരനുമായി സംഭവസ്ഥലത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ തലയ്ക്ക് അടിക്കാന്‍ ഉപയോഗിച്ച തേങ്ങയും കണ്ടെത്തി. ഇന്‍സ്റ്റഗ്രാം വഴി ആശയവിനിമയം നടത്തിയതിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍, കിണറ്റില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *