ന്യൂഡൽഹി: ചെന്നൈയിൽ ജോലി ചെയ്യുന്ന യുവാവ് ഡൽഹിയിലെത്തി വനിതാ ഇൻഫ്ലുവൻസറുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ യുവതിയുടെ കുടുംബാംഗങ്ങൾ യുവാവിനെ മർദ്ദിക്കുകയും, ഒരാഴ്ചയ്ക്ക് ശേഷം ചികിത്സയിലിരിക്കെ യുവാവ് മരണപ്പെടുകയും ചെയ്തു. സംഭവത്തിൽ ഇൻഫ്ലുവൻസറുടെ പിതാവിനെയും ഒരു അയൽക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇൻസ്റ്റാഗ്രാമിൽ ആറ് ലക്ഷത്തിലധികം ഫോളോവേഴ്സുള്ളതും, ഓരോ റീലിനും ദശലക്ഷക്കണക്കിന് കാഴ്ചക്കാരുമുള്ള ഇൻഫ്ലുവൻസർ അടുത്തിടെ തന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോകളും വരാനിരിക്കുന്ന വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പോസ്റ്റ് ചെയ്തിരുന്നു.
ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയും ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കാരനുമായ അഭിനവ്, നവംബർ 7-ന് യുവതി വീട്ടിലുണ്ടായിരുന്ന സമയത്ത് കിഴക്കൻ ഡൽഹിയിലെ മധു വിഹാറിലുള്ള ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പിറ്റേന്ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു. ഇയാളുടെ പ്രവൃത്തിയിൽ രോഷാകുലരായ ഇൻഫ്ലുവൻസറുടെ കുടുംബാംഗങ്ങളും ചില അയൽക്കാരും പോലീസിനെ അറിയിക്കുന്നതിന് മുമ്പ് യുവാവിനെ ക്രൂരമായി മർദ്ദിച്ചു.
പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ യുവാവിന്റെ പുറത്തും വലതുകാലിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ഉടൻ തന്നെ ഇയാളെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ നവംബർ 15-ന് യുവാവ് മരിച്ചു.
തുടർന്ന് നടന്ന അന്വേഷണത്തിൽ, അഭിനവ് ഇൻഫ്ലുവൻസറുടെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്നും കാലക്രമേണ യുവതിയോട് ഏകപക്ഷീയമായ പ്രണയം തോന്നിയെന്നും കണ്ടെത്തി. ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു ആരാധകനെന്ന നിലയിൽ ഇയാൾ യുവതിയുടെ വീട്ടിൽ വന്നിട്ടുമുണ്ട്. മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും, എന്നാൽ അഭിനവ് ആരാണെന്ന് യുവതിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും കണ്ടന്റ് ക്രിയേറ്ററുടെ പിതാവിനെയും ഒരു അയൽക്കാരനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിലെ മറ്റ് പ്രതികളെ തിരിച്ചറിയുന്നതിനായി സംഭവസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.