ഒരു വർഷത്തേക്ക് മൊബൈൽ റീച്ചാർജ് വെറും 399 രൂപ, ക്‌ളിക്ക് ചെയ്‌താൽ പണിയാകുമെന്ന് ഉറപ്പ്

മൂവാറ്റുപുഴ: സമൂഹമാദ്ധ്യമങ്ങളിലൂടെ ആകർഷകമായ മൊബൈൽ റീചാർജ് ഓഫറുകൾ നൽകി സൈബർ തട്ടിപ്പ് സംഘങ്ങൾ വിലസുന്നു. 399 രൂപയ്ക്ക് ഒരു വർഷത്തെ റീ ചാർജ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളിലൂടെ ഉപയോക്താക്കളെ വലയിലാക്കി ബാങ്ക് അക്കൗണ്ടുകളിലെ പണം മുഴുവൻ തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പു സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകൾക്കു പിന്നിലെന്നാണ് സൂചന.

ഒരു മാസത്തെ റീചാർജ് തുകയ്ക്ക് ഒരു വർഷത്തെ സേവനം ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ബാങ്കുകളിൽ പ്രവേശിച്ച് പണമടയ്ക്കുന്നവരാണു തട്ടിപ്പിനിരയാകുന്നത്. ആദ്യം റീചാർജ് തുക നഷ്ടപ്പെടുന്നതിനു പിന്നാലെ വ്യാജ ലിങ്കുകളും സ്‌കാനർ സം വിധാനങ്ങളും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും ചോർത്തുന്നതാണ് തട്ടിപ്പിന്റെ രീതി.

കഴിഞ്ഞദിവസം സമാനമായ പരസ്യത്തിൽ വിശ്വസിച്ചു പണമടച്ച മൂവാറ്റുപുഴ സ്വദേശി തലനാരിഴയ്ക്കാണ് വൻ സാമ്പത്തിക നഷ്ടത്തിൽ നിന്നു രക്ഷപ്പെട്ടത്. 399 രൂപ അടച്ചിട്ടും റീചാർജ് ലഭിച്ചില്ല. പണം ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. പിന്നാലെ, തുടർച്ചയായി തട്ടിപ്പ് ലിങ്കുകളും സന്ദേശങ്ങളും ലഭിച്ചതോടെ സംശയം തോന്നുകയായിരുന്നു. ഉടൻ ബാങ്കിന്റെ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെട്ടതാണ് രക്ഷയായത്.

Leave a Reply

Your email address will not be published. Required fields are marked *