‘ആഗോള സമാധാനത്തിന് ഏറ്റവും ശക്തമായ ഉറപ്പ് സാംസ്കാരിക ബന്ധങ്ങളാണ്’:എസ്.സി.ഒ ഫോറത്തിൽ പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: പ്രഥമ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) സാംസ്കാരിക സംവാദ ഫോറത്തെ അഭിസംബോധന ചെയ്യവെ, ആഗോള സമാധാനത്തിനുള്ള ഏറ്റവും ശക്തമായ ഉറപ്പ് സാംസ്കാരിക ബന്ധങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പറഞ്ഞു. സാംസ്കാരികവും നാഗരികവുമായ സഹകരണത്തിലൂടെ അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഈ ഫോറത്തിന് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ഡൽഹിയിലെ പുരാന കിലയിൽ നടന്ന പ്രഥമ എസ്.സി.ഒ സാംസ്കാരിക സംവാദ ഫോറത്തിൽ സംസാരിക്കവെയാണ് സാംസ്കാരിക ബന്ധങ്ങളാണ് ആഗോള സമാധാനത്തിന് ഏറ്റവും ശക്തമായ ഉറപ്പെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ലോകമെമ്പാടും നിലനിൽക്കുന്ന സംഘർഷങ്ങളും അശാന്തികളും ചൂണ്ടിക്കാട്ടിയ മോദി, ആഗോള ചർച്ചകളിൽ യുദ്ധവും അസ്ഥിരതയും നിറഞ്ഞുനിൽക്കുന്ന ഈ കാലഘട്ടത്തിൽ നാഗരിക ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യ രാജ്യങ്ങളെ ഒരുമിപ്പിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

സാംസ്കാരികവും നാഗരികവുമായ സഹകരണം എസ്.സി.ഒ അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നും, പുതിയ ആശയങ്ങൾ സൃഷ്ടിക്കാനും സഹകരണത്തിനുള്ള അവസരങ്ങൾ തുറക്കാനും ഈ വേദിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എസ്.സി.ഒ രൂപീകൃതമായിട്ട് അടുത്തിടെ 25 വർഷം പൂർത്തിയായ കാര്യം ചൂണ്ടിക്കാട്ടിയ മോദി, സുരക്ഷ, സമ്പദ്‌വ്യവസ്ഥ, കണക്റ്റിവിറ്റി എന്നീ മേഖലകളിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി. സാംസ്കാരിക ഇടപെടലുകളിലൂടെയും പങ്കിട്ട നാഗരിക അനുഭവങ്ങളിലൂടെയും ഈ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ പുതിയ ഫോറം സഹായിക്കുമെന്നും, ലോകത്തെ ഒരുമിപ്പിക്കുന്നതിൽ ഇതിന് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായി പുരാന കിലയെയും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. അതിന്റെ ചരിത്രത്തെക്കുറിച്ച് പരാമർശിക്കവെ, ഈ കോട്ടയുടെ ഉത്ഭവം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മഹാഭാരത കാലഘട്ടത്തിലാണെന്ന് പണ്ഡിതന്മാർ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരാന കിലയിലെ സാംസ്കാരിക പരിപാടികൾ ഐക്യത്തിന്റെ സന്ദേശം നൽകുന്നുവേദിയിൽ അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ ഇന്ത്യയുടെ പാരമ്പര്യങ്ങളുടെ നേർക്കാഴ്ച നൽകുന്നതിനൊപ്പം മാനവരാശിക്ക് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകുന്നുവെന്ന് മോദി പറഞ്ഞു. വേദമന്ത്രങ്ങൾ, ബുദ്ധമത തത്വചിന്ത, ഹനുമാൻ സ്വാമിയുടെ യാത്ര എന്നിവ ഉൾപ്പെടുത്തിയുള്ള അവതരണങ്ങളെ പരാമർശിച്ച അദ്ദേഹം, അവ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെയും ഒരുമയുടെ സന്ദേശത്തിന്റെയും ആവിഷ്കാരങ്ങളാണെന്ന് വിശേഷിപ്പിച്ചു.

നവംബർ 20 മുതൽ 22 വരെ നടക്കുന്ന ത്രിദിന ഫോറം എസ്.സി.ഒ ചട്ടക്കൂടിനുള്ളിൽ നാഗരികവും സാംസ്കാരികവുമായ സഹകരണത്തിന് ശ്രദ്ധ നൽകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *