തിരുവനന്തപുരം: ക്യാബിനറ്റ് പദവി ആവശ്യപ്പെട്ട് യുഡിഎഫിൽ സമ്മർദം ശക്തമാക്കി ആർഎസ്പി. നാല് എംഎൽഎമാരുള്ള പാർട്ടിയെന്ന പരിഗണന നൽകി ക്യാബിനറ്റ് പദവി അനുവദിക്കണമെന്നാണ് ആർഎസ്പിയുടെ ആവശ്യം. 14 ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
മാപ്പുകൾ കാണുക
ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ച തീരുമാനം വൈകുന്നതിലും പാർട്ടി അതൃപ്തി പരസ്യമാക്കി. ഈ മാസം തന്നെ തീരുമാനമുണ്ടാകണമെന്നാണ് ആർഎസ്പിയുടെ ആവശ്യം.
മന്ത്രിസഭയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദത്തിൽ ആർഎസ്പി നിലപാട് കടുപ്പിച്ചു. വിവാദം നിർഭാഗ്യകരമാണെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം വിളിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. നയപരമായ കാര്യങ്ങൾ മുന്നണി വേദിയിൽ ചർച്ച ചെയ്യണം. ജനാധിപത്യപരമായ രീതിയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിലെ ക്യാബിനറ്റ് പദവികളുടെ എണ്ണം വ്യാപകമായി വർധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. അത്തരത്തിൽ എണ്ണം വർധിപ്പിക്കുകയാണെങ്കിൽ ആർഎസ്പി നേതാവ് എ.എ. അസീസിനും ക്യാബിനറ്റ് പദവി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗിനും ഫോർവേഡ് ബ്ലോക്കിനും ക്യാബിനറ്റ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നതായി അറിയില്ലെന്നും നേതാക്കൾ തമ്മിൽ സംസാരിച്ചിട്ടുണ്ടാകാമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. എല്ലാ പാർട്ടികൾക്കും ക്യാബിനറ്റ് പദവി നൽകാമെങ്കിൽ ആർഎസ്പിക്ക് എന്താണ് അയോഗ്യതയെന്നും അദ്ദേഹം ചോദിച്ചു.
നയപരമായ ചർച്ചകൾ നടക്കേണ്ടത് യുഡിഎഫ് മുന്നണി യോഗത്തിലാണെന്നും മന്ത്രിസഭാ യോഗത്തിലല്ലെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. കെപിസിസി പ്രസിഡന്റും ആർഎസ്പി സെക്രട്ടറിയുമെല്ലാം മന്ത്രിസഭയിലുണ്ടെങ്കിലും രാഷ്ട്രീയ ചർച്ചകൾക്ക് അനുയോജ്യമായ വേദി മുന്നണി യോഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.