കൊച്ചി: സന്യാസജീവിതം തിരഞ്ഞെടുത്താലും പിന്തുടർച്ചാവകാശ നിയമപ്രകാരമുള്ള സ്വത്ത് നഷ്ടപ്പെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആചാരം, കീഴ്വഴക്കം, വ്യക്തിനിയമം എന്നിവയ്ക്കപ്പുറം നിലനിൽക്കുക നിയമനിർമ്മാണ സഭ പാസാക്കിയ നിയമമാണ്. സുപ്രീംകോടതി മോളി ജോസഫ് കേസിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ജി. ഗിരീഷ് ഇക്കാര്യം വ്യക്തമാക്കിയത്.
പിതാവിന്റെ ഭൂമി സർക്കാർ ഏറ്റെടുത്തപ്പോൾ ലഭിച്ച നഷ്ടപരിഹാരത്തുക ആറ് സഹോദരങ്ങൾക്കും തുല്യമായി വീതിച്ചു നൽകണമെന്ന ഉത്തരവിനെതിരായ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ വിശദീകരണം. താമരശ്ശേരി നെല്ലിപ്പൊയിൽ സ്വദേശി എ.എം. ജോസാണ് കോഴിക്കോട് അഡിഷണൽ ജില്ലാ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പിതാവ് മാണിയുടെ പേരിലുണ്ടായിരുന്ന 3.295 ഏക്കർ ഏറ്റെടുത്തപ്പോൾ 3.74 കോടി രൂപയാണ് ലഭിച്ചത്. മാറിത്താമസിച്ചതിനാൽ മറ്റു സഹോദരങ്ങൾക്കും, സന്യാസ ജീവിതം സ്വീകരിച്ചതിനാൽ സഹോദരിക്കും ആശ്വാസധനത്തിന് അർഹതയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.