കുഞ്ചാക്കോ ബോബൻ നായകനായ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയിൽ കണ്ണൂർ സ്വദേശിയുടെ ഫോൺനമ്പർ അനുമതിയില്ലാതെ ഉപയോഗിച്ച സംഭവത്തിൽ കേസെടുക്കാൻ കോടതി നിർദ്ദേശം. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നിർമ്മാതാവ് മാർട്ടിൻ പ്രക്കാട്ടിനും ചിത്രം ഒടിടിയിൽ പ്രദർശിപ്പിച്ച നെറ്റ്ഫ്ളിക്സിനുമെതിരെ കേസെടുക്കാൻ എറണാകുളം സെൻട്രൽ പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
ബിഎൻഎസ്എസ് സെക്ഷൻ 175(3) പ്രകാരം വ്യക്തിവിവരങ്ങളുടെ മോഷണം, സ്വകാര്യതയിലെ കടന്നുകയറ്റം തുടങ്ങി കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യാനും അന്വേഷണംനടത്തി വിശദറിപ്പോർട്ട് സമർപ്പിക്കാനുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നേരത്തെ വിഷയത്തിൽ പൊലീസിൽ നിന്ന് കോടതി റിപ്പോർട്ട് തേടിയിരുന്നു. കണ്ണൂർ സ്വദേശിയായ പരാതിക്കാരന്റെ ഭാഗം കേട്ടശേഷമാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
നേരത്തെ ചിത്രം പുറത്തിറങ്ങിയപ്പോൾ സിനിമയിൽ കണ്ണൂർ സ്വദേശിയുടെ ഫോൺനമ്പർ ഒരു ദൃശ്യത്തിൽ കാണിച്ചിരുന്നു. ഇതിനുപിന്നാലെ ഈ നമ്പരിലേക്ക് വിദേശത്തുനിന്നടക്കം ഫോൺകോളുകൾ നിരന്തരംവരികയും ഭീഷണി സന്ദേശങ്ങൾ ലഭിക്കുകയും ചെയ്തുതുടങ്ങി. അടിസ്ഥാനപരമായ മുൻകരുതലോ സുരക്ഷയോ നോക്കാതെയാണ് തന്റെ നമ്പർ സിനിമയിൽ ഉപയോഗിച്ചതെന്നും ഇത് വ്യക്തിജീവിതത്തെയും സമാധാനത്തെയും സാരമായി ബാധിച്ചെന്നും കണ്ണൂർ സ്വദേശി സമർപ്പിച്ച പരാതിയിൽ പറയുന്നു. ഡമ്മി നമ്പരുകൾക്ക് പകരം സിനിമയിൽ ശരിയായ നമ്പർ നൽകിയത് നിർമ്മാതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് പരാതിയിലുണ്ട്.