ആറ് വർഷത്തെ ഇടവേളയ്ക്ക് വിരാമം; പഞ്ചാബിൽ ബിജെപി–അകാലിദൾ സഖ്യം വീണ്ടും

ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ ബിജെപിയും ശിരോമണി അകാലിദളും. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുപാർട്ടികളും വീണ്ടും കൈകോർക്കുന്നത്. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സഖ്യപ്രഖ്യാപനം. ഗുരുനാനാക്ക് ജയന്തി ദിനത്തിൽ ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവർ സഖ്യം പ്രഖ്യാപിച്ചത്.

എൻഡിഎയുടെ ഏറ്റവും പഴയ സഖ്യകക്ഷി തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ശിരോമണി അകാലിദൾ കൂടി എത്തിയതോടെ എൻഡിഎ പൂർണമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതായി അദ്ദേഹം വ്യക്തമാക്കി. അകാലിദളിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി, സഖ്യം പഞ്ചാബിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും സഹായകമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഗുരുനാനാക്ക് ജയന്തി ദിനത്തിലെ ഈ തിരിച്ചുവരവ് ഏറെ സന്തോഷകരമാണെന്നും മോദി പറഞ്ഞു.

ബിജെപി പ്രവർത്തകർക്ക് വലിയ സന്തോഷമുള്ള ദിവസമാണിതെന്ന് അമിത് ഷാ പറഞ്ഞു. അകാലിദൾ ഇല്ലാതെ എൻഡിഎ പൂർണമാകില്ലെന്നും ഇരുപാർട്ടികളും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിനെ ലഹരിമുക്തമാക്കുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനുമാണ് സഖ്യത്തിന്റെ പ്രധാന പരിഗണന. 2029 ഡിസംബർ 31നകം പഞ്ചാബിനെ ലഹരിമുക്തമാക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.

പഞ്ചാബിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്നും ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഖ്യത്തിൽ അകാലിദൾ മുതിർന്ന പങ്കാളിയായിരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനം അകാലിദളിനായിരിക്കുമെന്നും അദ്ദേഹം സൂചന നൽകി. സീറ്റ് വിഭജനവും മറ്റ് തിരഞ്ഞെടുപ്പ് കാര്യങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

ബിജെപി–അകാലിദൾ സഖ്യം പഞ്ചാബിനെ വികസിത സംസ്ഥാനമാക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പറഞ്ഞു. കർഷകരുടെ ക്ഷേമത്തിനും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് വെറുമൊരു രാഷ്ട്രീയ സഖ്യമല്ലെന്നും പഞ്ചാബിന്റെ വികാരങ്ങൾ ഉൾക്കൊള്ളുന്ന കൂട്ടായ്മയാണെന്നും അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പറഞ്ഞു. പഞ്ചാബിനെ രക്ഷിക്കാനാണ് വീണ്ടും ഒന്നിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് ഗുണ്ടാരാജും ലഹരിക്കടത്തും വർധിച്ചുവെന്നും ആം ആദ്മി പാർട്ടിയും കോൺഗ്രസും പഞ്ചാബിനെ തകർത്തുവെന്നും ബാദൽ ആരോപിച്ചു.

2020 സെപ്റ്റംബറിലാണ് കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളോടുള്ള വിയോജിപ്പിനെ തുടർന്ന് അകാലിദൾ ബിജെപിയുമായുള്ള 24 വർഷത്തെ സഖ്യം അവസാനിപ്പിച്ചത്. പിന്നീട് 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും വെവ്വേറെയാണ് മത്സരിച്ചത്. 2027ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതിയ സഖ്യം പഞ്ചാബിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *