ആറ്റുകാൽ പൊങ്കാലയിൽ ചുടുകല്ലിന് വിട? ഇനി കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ; പുതിയ നിർദേശവുമായി മേയർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിൽ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ചുടുകല്ലുകൾക്ക് പകരം കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത തേടുമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പൊങ്കാലയ്ക്കായി ചുടുകല്ല് കൊണ്ടുള്ള അടുപ്പുകൾ പരമാവധി ഒഴിവാക്കണമെന്നാണ് മേയറുടെ നിർദേശം.

മാപ്പുകൾ കാണുക

ചുടുകല്ല് കൊണ്ടുള്ള അടുപ്പുകൾ പൊങ്കാലയ്ക്കുശേഷം നീക്കം ചെയ്യുന്നതിന് വലിയ തുക ചെലവാകുന്നുണ്ടെന്ന് മേയർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ചുടുകല്ലുകൾ കൊണ്ടുവരുന്നതിനും തിരികെ ഏൽപ്പിക്കുന്നതിനുമായി മാത്രം ഏകദേശം 12 ലക്ഷം രൂപ ചെലവായെന്നാണ് കണക്ക്.

കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നത് പൊടിയും പുകയും കുറയ്ക്കാനും മാലിന്യപ്രശ്നം ലഘൂകരിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഒരിക്കൽ നിർമിക്കുന്ന അടുപ്പുകൾ വർഷങ്ങളോളം പുനരുപയോഗിക്കാനും സാധിക്കും. തുരുമ്പ് പിടിക്കാതെ സംരക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ട്.

ലക്ഷക്കണക്കിന് അടുപ്പുകൾ ആവശ്യമായി വരുന്ന പൊങ്കാലയിൽ ഈ സംവിധാനം നടപ്പാക്കുന്നതിന് സംഘാടകരുടെ സഹകരണം അനിവാര്യമാണെന്നും മേയർ പറഞ്ഞു. സ്ഥിരം അടുപ്പുകൾ പ്രോത്സാഹിപ്പിക്കാൻ സംഘാടകർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്ന് മേയർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *