ന്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിക്കും ഓഫീസിനും ബോംബ് ഭീഷണി. ഇന്ന് രാവിലെ പത്തരയോടെയാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളോടുകൂടിയ ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മുംബയ് മഹാലക്ഷ്‌മി റേസ് കോഴ്‌സിലും മെട്രോ സ്റ്റേഷനുകളിലും ബോംബ് സ്‌ഫോടനമുണ്ടാക്കുമെന്നും ഇ -മെയിൽ സന്ദേശത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ നാലാം തവണയാണ് അമിതാഭ് ബച്ചന്റെ വസതിക്ക് നേരെ ഭീഷണിയെത്തുന്നത്. മുംബയ് ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ഒരു മാസത്തിനകം നഗരത്തിൽ സ്‌ഫോടന പരമ്പരയുണ്ടാക്കുമെന്നും സന്ദേശത്തിലുണ്ട്. എന്നാൽ, ഇത് വ്യാജ സന്ദേശമാണെന്നാണ് പൊലീസിന്റെ നിഗമനം.