ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായി പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നു. നവംബർ 30 മുതൽ ഡിസംബർ 3 വരെയാണ് പ്രത്യേക സമ്മേളനം ചേരുക. 30ന് ലോക്സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും അത്യാവശ്യ സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യാനായി ചേരുന്നതിന് അനുമതി തേടിയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.
മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും ഈ സമ്മേളനത്തിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ബില്ല് പാസാക്കുന്നതിന് പ്രതിപക്ഷത്ത് ചില കക്ഷികളുടെ പിന്തുണ കേന്ദ്രസർക്കാരിന് കിട്ടിയെന്നാണ് വിവരം. കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന ഡി.എം.കെയും ബി.ജെ.പിയുമായി സഖ്യത്തിന് ശ്രമിക്കുന്ന എൻ.സി.പിയുടെയും നിലപാട് ബില്ല് അവതരണത്തിൽ നിർണായകമാകുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.