തിരുവനന്തപുരം: പട്ടികജാതിക്കാർക്കുള്ള സാമ്പത്തിക സഹായ രേഖകൾ തിരുത്തി 7.86 കോടി രൂപ തട്ടിയെടുത്ത അഞ്ച് പട്ടികജാതി വികസന ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. മന്ത്രി കെ.എ.തുളസിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഗ്രേഡ് വൺ പട്ടികജാതി വികസന ഓഫീസർമാരായ പി.എം.സജിനി,കെ.ഗിരിജ,മുനീർ റഹ്മാൻ,എൻ.നവീൻചന്ദ്ര എന്നിവരേയും സീനിയർ ക്ളാർക്ക് സ്മിജോ വർഗ്ഗീസിനേയുമാണ് സസ്പെൻഡ് ചെയ്തത്.
2018 മുതൽ 2026 വരെ പാലക്കാട് മണ്ണാർക്കാട് ബ്ളോക്ക് പട്ടികജാതി വികസന ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളിൽ നിന്ന് ആളുകളുടെ പേരും ബാങ്ക് അക്കൗണ്ടുകളും ഇ.ഡിസ്ട്രിക് സോഫ്റ്റ് വെയറിൽ തിരുത്തി. ഇതിനായി ജാതി സർട്ടിഫിക്കറ്റുകളിൽ ക്യൂ ആർ കോഡ് ഒഴികെയുള്ളവ സർക്കാർ രേഖകളിൽ തന്നെ തിരുത്തി. പകരം ഓഫീസർമാരുടെ ബന്ധുക്കളുടെ പേരും ബാങ്ക് അക്കൗണ്ടും നൽകും.അതിലേക്കെത്തുന്ന ആനുകൂല്യം പിന്നീട് പങ്കിട്ടെടുക്കുകയാണെന്ന് വകുപ്പ് തല ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി.
പട്ടികജാതി വികസന വകുപ്പിലെ 13 ഉദ്യോഗസ്ഥരാണ് കുറ്റക്കാർ. ഇതിൽ വികസന ഓഫീസർമാരായ എസ്.പ്രദീപ് കുമാർ,പി.ജി.സെബാസ്റ്റ്യൻ പ്രിൻസ്, കെ.വിജയൻ, ആർ.ചക്രധാർ തുടങ്ങിയവരും ക്ളാർക്ക് സി.ശിവശങ്കറും സർവീസിൽ നിന്ന് വിരമിച്ചതിനാൽ അവർക്കെതിരെ സർക്കാർ നടപടിയെടുക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. തട്ടിപ്പിൽ ഉൾപ്പെട്ട ക്ളാർക്ക് മിനിമോൾ മണി,പട്ടികജാതി വികസന ഓഫീസർമാരായ അജിത് ആർ.പ്രസാദ്, പി.ബിജി എന്നിവർക്കെതിരായ നടപടി നീട്ടിവെച്ചു. ഇവർക്കെതിരെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട നിയമ നടപടികളും സ്വീകരിക്കും.