ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്‌ഐആറിൽ തെറ്റായി ഒഴിവാക്കപ്പെട്ടവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക യജ്ഞത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം. എസ്‌ഐആർ പൂർത്തിയായ കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. അന്യായമായി ഒഴിവാക്കപ്പെട്ട വോട്ടർമാരെയും പുതിയ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക യജ്ഞം നടത്താനാണ് നിർദേശം.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് സെപ്റ്റംബർ 29-ന് അയച്ച കത്തിലാണ് കമ്മിഷൻ നിർദേശം നൽകിയത്. എസ്‌ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രത്യേക യജ്ഞം നടത്തും. സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി ഇന്നലെ നടന്ന വീഡിയോ കോൺഫറൻസിലും തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ നിർദേശം ആവർത്തിച്ചു. എസ്‌ഐആറിന് മുമ്പുള്ളതും ശേഷമുള്ളതുമായ വോട്ടർപട്ടികകൾ താരതമ്യം ചെയ്യാനും ഒഴിവാക്കപ്പെട്ടവരുടെ പട്ടിക തയ്യാറാക്കാനും വിട്ടുപോയവരെ കണ്ടെത്താനും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കരട് വോട്ടർപട്ടികയിൽ നിന്ന് 13 കോടിയോളം പേരുകൾ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ കടുത്ത സമ്മർദം നേരിടുന്നതിനിടെയാണ് പുതിയ നീക്കം. അന്യായമായി ഒഴിവാക്കപ്പെട്ടവരെ കണ്ടെത്തി വീണ്ടും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനാണ് പ്രത്യേക യജ്ഞം നടത്തുന്നത്.