കൊച്ചി: ചട്ടപ്രകാരം രണ്ട് അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്താതെ സംസ്‌ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് ഷോണ്‍ ജോര്‍ജ് വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
'കഴിഞ്ഞ മാസം 16ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ പുനഃസംഘടിപ്പിച്ച വഖഫ് ബോര്‍ഡില്‍ ചെയര്‍പഴ്‌സണ്‍ ഉള്‍പ്പെടെ ഒമ്പത് അംഗങ്ങളും മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രീം കോടതിയുടെയും ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെയും തുടര്‍ ഉത്തരവുകള്‍ക്കു വിധേയമായി പിന്നീടു പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ രണ്ട് അമുസ്ലിം അംഗങ്ങളെ നിശ്‌ചിത സമയത്തിനകം നിയമിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയും നിലവിലെ വഖഫ് ബോര്‍ഡ് എടുത്ത തീരുമാനങ്ങള്‍ അസാധുവായി പ്രഖ്യാപിക്കുകയും വേണം'-എന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവു നിലനിര്‍ത്തി നടപ്പാക്കിയ പുനഃസംഘടന സാധുവല്ലെന്നും അതിനാല്‍, ഈ അംഗങ്ങളെ നിയമിക്കുന്നതുവരെ ബോര്‍ഡിന്റെ നയപരമായ തീരുമാനങ്ങള്‍ക്കും മറ്റും കോടതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ പുനഃസംഘടനയില്‍ അമുസ്ലിം അംഗങ്ങളെ നിയമിക്കാത്തതിനെതിരേ ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ച സാഹചര്യത്തില്‍ കോടതി തീര്‍പ്പാക്കിയിരുന്നു. പുതിയ പുനഃസംഘടനയുടെ പശ്‌ചാത്തലത്തില്‍ പുതിയ ഹര്‍ജി നല്‍കാമെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.