തിരുവനന്തപുരം : ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ മുൻ ഡി.സി.സി അംഗം സുഹൈൽ ഷാജഹാൻ തട്ടിപ്പ് കേസിൽ വീണ്ടും അറസ്റ്റിൽ. ദുബായിലെ ജുവലറിയിൽ പണം നിക്ഷേപിച്ച് വൻ ലാഭം ഉണ്ടാക്കാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്. നിരവധി പേർ തട്ടിപ്പിന് ഇരയായെന്നാണ് പൊലീസ് നൽകുന്ന വിവരം.
നേരത്തെ തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ലക്ഷകണക്കിന് രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സുഹൈലിന്റെ ദൃശ്യങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിരുന്നു. തുടർന്ന് സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ആശുപത്രിയെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കും വിധം ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഉള്ളടക്കം പിൻവലിക്കാനാണ് പത്ത് ലക്ഷം രൂപ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടത്. തുടർന്ന് ആശുപത്രി മാനേജ്‌മെന്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.